
തലശ്ശേരി:ചോനാടത്ത് ഒരുക്കിയ വേദിയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി മാഹി-തലശ്ശേരി ബൈപ്പാസ് തുറന്നുകൊടുത്തതോടെ ഉത്തര മലബാർ പിന്നിട്ടത് അരനൂറ്റാണ്ടിലധികം നീണ്ട ദുരിതയാത്രയുടെ ചരിത്രം. പാതയുടെ ക്രെഡിറ്റിനായി മത്സരം മുറുകിയെങ്കിലും ഇതുവഴി കടന്നുപോയ റോഡ് ഷോകളിലും മന്ത്രിയുടെയും സ്പീക്കറുടേയും യാത്രകളിലുമെല്ലാം അലതല്ലിയത് വലിയ ആഹ്ളാദമായിരുന്നു.
ചോനാടത്ത് ബൈപ്പാസിന്റെ ഭാഗമായ പാലത്തിനടിയിലായിരുന്നു ഉദ്ഘാടന വേദി. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും സ്പീക്കർ അഡ്വ.എ.എൻ.ഷംസീറും വേദിയിൽ സന്നിഹിതരായിരുന്നു.ഉദ്ഘാടനത്തിന് ശേഷമായിരുന്നു ഇരുവരും കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസിൽ ബൈപ്പാസ് റോഡിലൂടെ ആദ്യസവാരി നടത്തിയത്. ചോനാടത്ത് നിന്ന് ആരംഭിച്ച് ബൈപ്പാസിന്റെ വടക്കെയതിർത്തിയായ മുഴപ്പിലങ്ങാട്ടേക്കും തിരിച്ച് ചോനാടത്തേക്കായിരുന്നു സവാരി.
തലശ്ശേരി നഗരസഭ അദ്ധ്യക്ഷ കെ.എം.ജമുനാറാണി, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.കെ.രവി (ധർമ്മടം), എം. പി.ശ്രീഷ (എരഞ്ഞോളി), ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ചൊക്ലി കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ എൻജിനിയറിംഗ് വിദ്യാർത്ഥികളുടെയടക്കം വിവിധ കലാപരിപാടികളും ഉദ്ഘാടനവേദിയിൽ അരങ്ങേറി.
അടിഭാഗം പ്രയോജനപ്പെടുത്തണം
ബൈപ്പാസിന്റെ വിവിധഭാഗങ്ങളിലെ പാലത്തിന്റെ അടിഭാഗങ്ങൾ പൊതുപരിപാടികൾക്കും പാർക്കുകൾക്കുമായി ഉപയോഗപ്പെടുത്തുന്ന രീതിയിൽ മാറ്റാൻ കഴിയുമെന്ന് സ്പീക്കർ എ.എൻ.ഷംസീറിന്റെ നിർദ്ദേശം. അതിനാവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.
വികസനം ബോക്സിംഗല്ല:മന്ത്രി മുഹമ്മദ് റിയാസ്
വികസന പ്രവർത്തനങ്ങളെ ബോക്സിംഗ് മമത്സരമായല്ല സംസ്ഥാന സർക്കാർ കാണുന്നതെന്നും കേന്ദ്രസംസ്ഥാന സർക്കാരുകൾ ഒരുമിച്ച് നിന്നാൽ മാത്രമേ വികസനം സാധ്യമാവുകയുള്ളൂവെന്നും ചടങ്ങിൽ സംസാരിച്ച മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം കേന്ദ്രസംസ്ഥാന സർക്കാരുകൾ ഒരുമിച്ച് നിന്നതിനാലാണ് യാഥാർത്ഥ്യമാകുന്നത്. ചരിത്രത്തിൽ ആദ്യമായി ദേശീയപാത വികസനത്തിനായി ഫണ്ട് അനുവദിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. സംസ്ഥാന സർക്കാർ 5600 കോടി രൂപയാണ് അനുവദിച്ചത്. ദേശീയപാത വികസനത്തിനായി ഭൂമിയേറ്റെടുക്കൽ നടത്തുന്നതിന് സംസ്ഥാന സർക്കാരും ജനപ്രതിനിധികളുമാണ് ഇടപെട്ടത്. കൂടാതെ പൊതുമരാമത്ത്, റവന്യു, വൈദ്യുതി, വ്യവസായം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകൾ ദേശീയപാത വികസന പ്രവർത്തനത്തിനായി മുന്നിൽ നിന്നു. ഇതുപോലെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും അനുഭാവപൂർവമായ രീതിയിലാണ് ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു.
പേര് മാറ്റാൻ ശ്രമമെന്ന് സ്പീക്കർ
തലശ്ശേരി-മാഹി ബൈപ്പാസിന്റെ പേര് ബോധപൂർവ്വം മാറ്റാൻ ചിലർ ശ്രമിക്കുന്നതായി ഉദ്ഘാടനപ്രസംഗത്തിൽ സ്പീക്കർ എ.എൻ.ഷംസീറിന്റെ കുറ്റപ്പെടുത്തൽ. തലശ്ശേരി നഗരത്തിന്റെ പ്രധാന്യം ഇല്ലാതാക്കാനാണ് നീക്കം.നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് ബൈപ്പാസ് യാഥാർഥ്യമാക്കിയത്.ഓരോ ഘട്ടത്തിലും ഓരോ തടസങ്ങൾ നേരിട്ടു.നിലവിൽ ബൈപ്പാസ് കടന്നുപോകുന്ന 90 ശതമാനം സർവീസ് റോഡുകളുടെയും പ്രവൃത്തി പൂർത്തിയായി. ബാക്കി പൂർത്തിയാക്കാൻ സ്ഥലമേറ്റെടുക്കണം. അതിന് ജനം ഒന്നിച്ചു നിൽക്കണമെന്നും സ്പീക്കർ പറഞ്ഞു.