
കാസർകോട്: അരലക്ഷം വില വരുന്ന തങ്ങളുടെ ജ്മനാ പ്യാരി അടക്കം നാട്ടിൽ നിന്ന് കാണാതായ പതിനാലോളം ആടുകൾക്കായി കുമ്പള സർക്കാർ ആശുപത്രിക്ക് സമീപം താമസിക്കുന്ന ആടുവളർത്തുകാരൻ കെ.ബി അബ്ബാസും സഹോദരൻ അബ്ദുൽ ഹമീദും നടത്തിയ അന്വേഷണം എത്തിയത് തെക്കൻ കർണാടകയിലെ വൻ ആടുമോഷണസംഘത്തിലേക്ക്. സംഭവത്തിൽ കർണ്ണാടക ബ്രഹ്മപുര രങ്കീലക്കര സ്വദേശി സക്കഫുള്ളയെ (23) കുമ്പള പൊലീസ് അറസ്റ്റുചെയ്തു.സംഘത്തിലെ പ്രധാനിയായ ഷിമോഗ സ്വദേശിയും രണ്ട് സ്ത്രീകളും രക്ഷപ്പെട്ടു. ഇവരുടെ താവളത്തിൽ നിന്ന് എഴുപത്തിയഞ്ചോളം ആടുകളെ കണ്ടെത്തി.
മുപ്പതിനായിരത്തോളം രൂപ ചിലവിട്ട് ഇരുന്നൂറ് കിലോമീറ്ററോളം യാത്ര ചെയ്തുമാണ് സഹോദരങ്ങൾ ആടുമോഷണസംഘത്തിലേക്ക് എത്തിയത്. അന്വേഷണത്തിന് തുമ്പുണ്ടായെങ്കിലും ഇവരുടെ ജമ്ന പ്യാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
അബ്ബാസിന്റെ ജമ്ന പ്യാരി
കഴിഞ്ഞ നവംബർ ഒന്നിനാണ് അബ്ബാസ് കുണ്ടങ്കാരടുക്ക ഐ.എച്ച്.ആർ.ഡി കോളനിക്ക് സമീപം മേയാൻ വിട്ട ആടിനെ കാണാതായത്. രണ്ടുദിവസം കാത്ത അബ്ബാസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് 13 വയസ് തോന്നിക്കുന്ന കുട്ടി ആടിനെ ബിസ്‌ക്കറ്റ് നൽകി കൊണ്ടുപോകുന്നത് കണ്ടെത്തി. ഉപ്പളയിലും സമാനമായ കേസ് ഉണ്ടെന്ന് മനസിലാക്കിയ അബ്ബാസ് നടത്തിയ തിരച്ചിലിൽ ഈ കുട്ടിയെ കണ്ടെത്തി മഞ്ചേശ്വരം പൊലീസിനെ ഏൽപ്പിച്ചു. കുട്ടിയുടെ മാതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച പൊലീസ് ഇവരുടെ ദൈന്യത കണ്ട് ആയിരം രൂപ നൽകി വിട്ടയച്ചു.എന്നാൽ സഹോദരൻ അബ്ദുൾ ഹമീദിനൊപ്പം അബ്ബാസും ഇവരുടെ വീട്ടിൽ കണ്ട രണ്ട് കാറുകളിലൊന്നിലാണ് ആടിനെ കടത്തിയതെന്ന് തലപ്പാടി ചെക്ക് പോസ്റ്റിൽ നിന്നുള്ള ദൃശ്യത്തിൽ നിന്ന് മനസിലാക്കി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബ്രഹ്മപുര രങ്കിനക്കരയിലെ ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച ഒരു സംഘമാണ് ആടുമോഷണത്തിന് പിന്നിലെന്ന് മനസിലാക്കുകയായിരുന്നു. ഇവിടെ 75 ആടുകളെ കെട്ടിയിട്ടിട്ടുണ്ടായിരുന്നു. നാട്ടിലെത്തി അബ്ബാസ് നൽകിയ പരാതിപ്രകാരം കുമ്പള പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മാതാവിന്റെ ബന്ധുവായ കാർ ഡ്രൈവർ സക്കഫുള്ളയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബിസ്ക്കറ്റ് നൽകും;കാറിനടുത്തേക്ക് നടത്തിക്കും
മേയ്ക്കാൻ വിടുന്ന ആടുകളെ കണ്ടാൽ സ്ത്രീയോടൊപ്പമുള്ള കുട്ടി കൈയിൽ കരുതിയ ബിസ് കറ്റ് നൽകും.ബിസ്ക്കറ്റ് കാട്ടി അല്പം ദൂരെ നിർത്തിയിട്ട കാറിനടുത്തേക്ക് മാറ്റുന്ന ആടിനെ എത്തിച്ചുകഴിഞ്ഞാൽ ഇവരുടെ ദൗത്യം തീരും. കാറിൽ ആടിനെ കയറ്റി കൊണ്ടുപോകുന്നത് സംഘത്തിലെ പുരുഷന്മാരുടെ ദൗത്യമാണ്.