തലശ്ശേരി: തലശ്ശേരി -മാഹി ബൈപ്പാസ് തുറന്നെങ്കിലും വാഹനങ്ങൾക്ക് കുരുക്ക് തന്നെ. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ ബൂത്തിൽ കുടുങ്ങുന്നതാണ് പ്രശ്നം. 20 മിനുട്ട് കൊണ്ട് 18.6 കിലോ മീറ്റർ ദൂരം താണ്ടാമെന്നതാണ് മാഹി ബൈപ്പാസിന്റെ പ്രത്യേകത. തലശ്ശേരി -മാഹി പട്ടണങ്ങളിലെ കുരുക്കിൽ നിന്ന് രക്ഷപ്പെട്ട് പുതിയ പാതയിൽ കയറുന്ന വാഹനങ്ങൾ പക്ഷേ ഉദ്ഘാടന നാളിൽ തന്നെ ടോൾ ബൂത്തിൽ കുടുങ്ങി.
ഫാസ് ടാഗ് സംവിധാനം ഇല്ലാത്ത വാഹനങ്ങൾ ടോൾ ബൂത്തിൽ ഇരട്ടി പണം നൽകണം. കാർ, ജീപ്പ് എന്നിവയ്ക്ക് 65 രൂപയുള്ളത് ഫാസ് ടാഗ് ഇല്ലെങ്കിൽ 130 രൂപ നൽകണം. ഇതോടെ ഇത്തരം യാത്രക്കാർ ടോൾ ബൂത്തിലെ ജീവനക്കാരുമായി തർക്കത്തിലാവുകയാണ്. മാത്രമല്ല, പണം നൽകാൻ മൊബൈൽ ആപ്പ് തുറക്കണം. പണം ഈടാക്കിയോയെന്ന് ഉറപ്പാക്കുകയും വേണം. എങ്കിലേ വാഹനങ്ങൾക്ക് കടന്നുപോകാനാകൂ. അപ്പോഴേക്കും പിന്നിൽ ക്യൂ നിൽക്കുന്ന വാഹനങ്ങളുടെ നീണ്ട ഹോണടി, എല്ലാം കൂടി ബഹളമയം. പൊലീസ് എത്തി വാഹനങ്ങൾ നിയന്ത്രിച്ചുവരികയാണ്.
കണ്ണൂർ -കോഴിക്കോട് ഭാഗത്തെ ദേശീയപാതയിൽ അടുത്തകാലത്തായി ടോൾ ബൂത്ത് ഉണ്ടായിരുന്നില്ല. ടോൾ ഈടാക്കുന്ന രീതി അറിയാത്തവർ ടോൾ ഈടാക്കുന്ന ഇരട്ടി തുകയിൽ സംശയം പ്രകടിപ്പിച്ച് തർക്കം തുടങ്ങുന്നതാണ് പ്രധാനപ്രശ്നം. ട്രാഫിക്ക് തെറ്റിച്ച് പാതയിൽ കയറുന്നവരും ചില വണ്ടികളിൽ ഉരസുന്നതും പ്രശ്നമുണ്ട്.
കമ്പ്യൂട്ടർ ബില്ലും വില്ലനാണ്..
ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് കമ്പ്യൂട്ടർ ബിൽ നൽകുന്നതും ടോൾ ബൂത്തിൽ തിരക്ക് കൂടുവാൻ കാരണമായിട്ടുണ്ട്. ടോൾ ബൂത്തിലെ ജീവനക്കാരിൽ മലയാളികളും, ഇതര സംസ്ഥാനക്കാരുമുണ്ട്. ഉത്തർപ്രദേശിലെ ഒരു സ്വകാര്യ കമ്പനിയാണ് പുതിയ പാതയിൽ ടോൾ നിർമ്മിച്ചത്. ഇതേ കമ്പനി തന്നെയാണ് കണ്ണൂർ വിമാനത്താവളത്തിലും ടോൾ ഗേറ്റ് സ്ഥാപിച്ചത്. പരിചയ സമ്പന്നരായ ജീവനക്കാരാണ് ടോൾ പ്ലാസയിൽ ജോലി ചെയ്യുന്നത്.
ഫാസ് ടാഗ്
പ്രീപെയ്ഡ് റീചാർജബിൾ ടാഗുകളാണിത്. ഓരോ ടൂൾ ബൂത്തിലേയും നിരക്കനുസരിച്ച് ഇതിലൂടെ കടന്നു പോകുന്ന വാഹനങ്ങളിൽ നിന്ന് ഈ ടാഗ് ഉപയോഗിച്ച് ടോൾ ഫീ ഈടാക്കും. മുൻവശത്തെ ഗ്ലാസിലാണ് ടാഗ് പതിക്കുക. ടോൾ നൽകാനായി ടോൾ ബൂത്തിൽ നിൽക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ നേട്ടം. മാത്രമല്ല, സമയനഷ്ടവും ഇന്ധന നഷ്ടവും ഇതിലൂടെ ഇല്ലാതാവുന്നു.