kelakam
കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ കടുവ ഇറങ്ങിയ സ്ഥലം സന്ദർശിക്കുന്നു

കേളകം: കേളകം പഞ്ചായത്തിലെ അടക്കാത്തോട്ടിലും കടുവ ഇറങ്ങി. അക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിലാണ് പുലർച്ചെ കടുവയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വാഴത്തോട്ടത്തിൽ കടുവയുടെ കാൽപ്പാടും കണ്ടെത്തി.

ഇന്നലെ പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം. പ്രദേശവാസി ഷാനവാസും കുടുംബവും വിമാനത്താവളത്തിൽ പോയി മടങ്ങുന്നതിനിടെയാണ് കടുവ റോഡ് മുറിച്ച് കടന്നത്. വെൺമണി ജോസിന്റെ പശുത്തൊഴുത്തിന് അടുത്തുവരെ എത്തിയ കടുവ വാഹനത്തിന്റെ ശബ്ദംകേട്ട് പെട്ടെന്ന് റോഡ് മുറിച്ചു കടന്ന് പോവുകയായിരുന്നു. പശുവിനെ ആക്രമിക്കാനായി വന്നതാണെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞദിവസം അടക്കാത്തോട് രാമച്ചിയിലെ റബ്ബർ തോട്ടത്തിലും തൊഴിലാളികൾ കടുവയെ കണ്ടെത്തിയിരുന്നു. തുടർച്ചയായി കടുവകൾ ജനവാസ മേഖലയിലേക്കെത്തിയതോടെ പ്രദേശവാസികൾ ഭീതിയിലായിക്കഴിഞ്ഞു. രാത്രികാലങ്ങളിൽ ആരും പുറത്തിറങ്ങുന്നില്ലെന്ന് മാത്രമല്ല റബ്ബർ ടാപ്പിംഗും കശുവണ്ടി ശേഖരണവുമൊക്കെ നിർത്തിവച്ചിരിക്കുകയാണ്.
സ്ഥലം കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്, വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ തോമസ് പുളിക്കകണ്ടം, സജീവൻ പാലുമ്മി, വാർഡ് മെമ്പർ ഷാന്റി സജി, ജോർജ്കുട്ടി കുപ്പക്കാട്ട് എന്നിവർ സന്ദർശിച്ചു.

ഇതിന് മുമ്പ് കടുവ മുരളുന്ന ശബ്ദം കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് നേരിൽ കാണുന്നത്.
വളരെ നീളം കൂടിയ വലിയ കടുവയെയാണ് കണ്ടത്.

പ്രദേശവാസി ഷാനവാസ്

കേളകം പഞ്ചായത്തിലെ വിവിധ മേഖലകളിൽ കടുവ ഉൾപ്പടെ വന്യജീവികൾ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. ജനങ്ങളുടെ ആശങ്ക അകറ്റാൻ വനം വകുപ്പും സർക്കാരും ശക്തമായ ഇടപെടലുകൾ നടത്തണം.

കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്