
തലശ്ശേരി: അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച കർമ്മഭടസംഘം നേതാവ് ബോധാനന്ദൻ തൃശൂരിൽ നിന്നും തലശ്ശേരിയിലെത്തിയത് ഗുരുദേവൻ തലശ്ശേരിയിൽ ക്ഷേത്രപ്രതിഷ്ഠ നടത്തുന്നത് ചോദ്യം ചെയ്യാനായിരുന്നു. എന്നാൽ ഗുരുദേവൻ ഇരുകൈകളും വിടർത്തി സ്വീകരിച്ചപ്പോൾ ആ തേജസിന് മുന്നിൽ മൗനിയായ ബോധാനന്ദന് ഒന്നും ചോദിക്കാൻ സാധിച്ചില്ല.
രാത്രി വീണ്ടും വീണ്ടും കണ്ടപ്പോൾ ഗുരുദേവൻ ബോധാനന്ദനോട് പറഞ്ഞതിങ്ങനെ. 'മത ഖണ്ഡനം നന്നല്ല. കാണുന്നവർക്കെല്ലാം സന്യാസം നൽകുകയും അരുത്.' പരഹൃദയജ്ഞാനമുള്ള ഗുരുവിന്റെ വാക്കുകൾ ഉള്ളിൽ തറച്ച് ഭക്തിയായി പരിണമിച്ചു. ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച ബോധാനന്ദൻ ഒടുവിൽ അദ്ദേഹത്തിന്റെ പിൻഗാമിയുമായി.
ജഗന്നാഥ ക്ഷേത്രപ്രതിഷ്ഠ കഴിഞ്ഞ് ഇരുപത് വർഷത്തിന് ശേഷമാണ് ക്ഷേത്രാങ്കണത്തിൽ ഗുരുദേവൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ആദ്യമായി പഞ്ചലോഹ ഗുരുദേവപ്രതിമ സ്ഥാപിക്കപ്പെട്ടത്.1927 മാർച്ച് 12 ന് അർദ്ധരാത്രി പിന്നിട്ടപ്പോഴായിരുന്നു സ്വാമി ബോധാനന്ദ പ്രതിഷ്ഠ നടത്തിയത്.തൊട്ടടുത്ത ദിവസം മഞ്ചേരി രാമയ്യർ, വി.കരുണാകരൻ നായർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ എൻ.എസ്.രാമറാവു പ്രതിമ അനാച്ഛാദനം ചെയ്തു. തുടർന്ന് ബ്രഹ്മവിദ്യാ സംഘത്തിലേയും വിവിധ സമുദായങ്ങളിലേയും അംഗങ്ങൾ ചേർന്ന് സമൂഹാരാധന നടത്തി.
ഗുരുദേവന്റെ ജീവിതകാലത്തു തന്നെ സ്ഥാപിക്കപ്പെട് ഈ പഞ്ചലോഹ പ്രതിമ ലോകത്തെ തന്നെ ആദ്യ ഗുരുപ്രതിമ കൂടിയാണ്.1976 ൽ കെ.പി.രത്നാകരൻ പ്രസിഡന്റായിരുന്ന കാലത്താണ് നാലടി ഉയരത്തിലുള്ള മാർബിൾ മണ്ഡപത്തിലേക്ക് പ്രതിമ സ്ഥാപിച്ചത്.
മൂർക്കോത്തിന്റെ ആഗ്രഹം
മുണ്ടങ്ങാടൻ ഗോവിന്ദന്റ വീട്ടിൽ 1926 ജനുവരി 31ന് നടന്ന തൊഴിലാളി കൂട്ടായ്മയിൽ മൂർക്കോത്ത് കുമാരനാണ് ഗുരുവിന്റെ നിത്യസാന്നിദ്ധ്യം തലശ്ശേരിയിലുണ്ടാവണമെന്ന ആഗ്രഹം അറിയിച്ചത്.ഗുരുദേവപ്രതിമാ നിർമ്മാണത്തിന് ലഭിച്ച ആദ്യസംഭാവന ഒരു നിർദ്ധന തൊഴിലാളിയിൽ നിന്നുള്ള ഒരു രൂപയായിരുന്നു. ഇത്തരം സംഭാവനകൾക്ക് പുറമെ മൂർക്കോത്ത് കുമാരൻ കൊളമ്പിലും ഡോ: കണ്ണായി ബർമ്മയിലുമെത്തി ധനസമാഹരണം നടത്തി.മൊത്തം ഏഴായിരം രൂപ ചെലവായി.പതിനാല് മാസം കൊണ്ടാണ് പ്രതിമ പൂർത്തിയാക്കിയത്.തലശ്ശേരിക്കാരനായ പ്രമുഖ ഫോട്ടോഗ്രാഫർ പി.ശേഖരൻ പ്രതിമാ നിർമ്മാണത്തിനുള്ള മോഡലിന് വേണ്ടി ശിവഗിരിയിൽ പോയി ഗുരുദേവന്റെ പടമെടുത്ത് ഇറ്റലിക്കാരനായ തവറലിക്ക് അയച്ചുകൊടുത്തു. കൊളമ്പോയിൽ വഴി കപ്പൽ മാർഗം എത്തിച്ച പ്രതിമ തലശ്ശേരി കടൽപാലത്തിൽ നിന്നും ഘോഷയാത്രയായാണ് ക്ഷേത്രത്തിലെത്തിച്ചത്..ഗുരുദേവന് 71ാം പിറന്നാൾദിനത്തിൽ(1927സെപ്തംബർ 11) പ്രതിമ ശ്രീജ്ഞാനോദയ യോഗത്തിന് കൈമാറിയത്.
'വീരയോദ്ധാവിന്റേതല്ല, മഹാരാജാവിന്റേതല്ല"
'അനേകായിരം ജനങ്ങളെ കൊന്നും കൊല്ലിച്ചും രാജ്യം പിടിച്ചടക്കിയ ഒരു വീരയോദ്ധാവിന്റെതല്ല ഈ പ്രതിമ, പാരമ്പര്യമായി അധികാരം കൈവന്ന ഒരു മഹാരാജാവിന്റേയോ, മഹാനായ കലാകാരന്റേയോ അല്ല. പാവപ്പെട്ട ഒരു കുടുംബത്തിൽ ജനിച്ച്, ആർജ്ജിത ജ്ഞാനത്താലും, തപോനിഷ്ഠയാലും, സർവ ജനവന്ദ്യനായിത്തീർന്ന മഹാനായ ഒരു യോഗിവര്യന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത് കാണാനാകുന്നു നമ്മൾ വന്നു ചേർന്നിട്ടുള്ളത് ' -നിർമ്മാണ കമ്മിറ്റി സെക്രട്ടറിയായിരുന്ന മൂർക്കോത്ത് കുമാരൻ പ്രതിമ കൈമാറൽ ചടങ്ങിൽ പ്രസംഗം തുടങ്ങിയത് ഇങ്ങിനെയായിരുന്നു.