ഏഴോം: ഏഴോം പഞ്ചായത്തിലെ പ്രധാന കച്ചവട കേന്ദ്രമായ കോട്ടക്കീൽ മുക്ക് അപകടക്കവലയായി. രണ്ട് വലിയ വളവുകളും ആറര പതിറ്റാണ്ട് പഴക്കമുള്ളതുൾപ്പെടെ കടകളും ഈ ജംഗ്ഷനിലുണ്ട്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചെങ്കിലും ഇവിടെ അപകട സാദ്ധ്യതയൊഴിവാക്കാൻ യാതൊരു നടപടിയുമുണ്ടായില്ലെന്നുള്ളതാണ് നാട്ടുകാരുടെ ആശങ്ക.
ആദ്യകാലത്ത് ഓലമേഞ്ഞ ഒരു കട മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് റോഡ് തന്നെ വന്നത്. പിന്നീട് പ്രധാന റോഡിൽ നിന്ന് മറ്റൊരു റോഡ് കൂടി നിർമ്മിച്ചു. ഇങ്ങനെയാണ് ഇവിടെ ജംഗ്ഷനായത്. വാഹനങ്ങളുടെ വേഗവും എണ്ണവും കാലക്രമേണ വർദ്ധിച്ചു. മാത്രമല്ല, ജംഗ്ഷനിൽ 15 ഓളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
അതിനിടെ റോഡിലെ അപകട സാദ്ധ്യത കണക്കിലെടുത്ത് 65 വർഷം മുൻപ് പണിത കട പൊളിച്ചുമാറ്റി പിന്നിലേക്ക് മീറ്റിസ്ഥാപിക്കാൻ ഉടമ സൻമനസ് കാട്ടി. എന്നാൽ, നിർമ്മാണം ഏതാണ്ട് അടുത്തപ്പോൾ പഞ്ചായത്ത് ഉടക്കിടുകയായിരുന്നുവെന്ന ആരോപണവും ഉയർന്നു. തീരദേശ പരിപാലന നിയമത്തിന്റെ പേരിലായിരുന്നു ഉടക്ക്. ഇതോടെ കെട്ടിട നിർമ്മാണവും നിലച്ചു.
ഈ കവലയിലെല്ലാമുണ്ട്
കേവലം 50 മീറ്റർ ചുറ്റളവുള്ള ജംഗ്ഷനിൽ എല്ലാവിഭാഗം സ്ഥാപനങ്ങളുമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പുഴ- കടൽ മത്സ്യക്കടകൾ, കള്ള് ഷാപ്പ്, കംപ്യൂട്ടർ സെന്റർ, ആയുർവേദ മരുന്ന് ഷോപ്പ്, തട്ടുകട, ചിക്കൻ സ്റ്രാൾ, ഹോട്ടൽ, അവിൽ മിൽ, ബാർബർ ഷോപ്പ്, പലചരക്ക് കട എന്നിങ്ങനെ 15 ഓളം സ്ഥാപനങ്ങളും ഓട്ടോറിക്ഷ സ്റ്രാൻഡ്, ബസ് സ്റ്റോപ്പ് എന്നിവയെല്ലാം ഇവിടെയുണ്ട്.