nattukar
വന്യമൃഗശല്യം രൂക്ഷമായതിനെത്തുടർന്ന് അടക്കാത്തോടിൽ വനപാലകരെ തടഞ്ഞുവച്ചപ്പോൾ

കേളകം: കടുവയുടെയും പുലിയുടെയും സാന്നിദ്ധ്യം സ്ഥിരീകരിച്ച അടക്കാത്തോടിൽ വനം വകുപ്പ് കാമറകൾ സ്ഥാപിച്ചു. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ.മഹേഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് മൂന്ന് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. കഴിഞ്ഞദിവസം പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ഹമീദ് റാവുത്തർ കോളനിയിൽ കണ്ട വന്യ ജീവിയുടേതെന്ന് സംശയിക്കുന്ന കാല്പാടുകൾ പരിശോധിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ ഇത് പുലിയുടേതാണെന്നും സ്ഥിരീകരിക്കുകയായിരുന്നു.

ഇതോടെ ഉദ്യോഗസ്ഥരെ നാട്ടുകാരും കോൺഗ്രസ് നേതാക്കളും ചേർന്ന് തടഞ്ഞുവച്ചു. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സജിത്തും രണ്ട് വാച്ചർമാരുമാണ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി കേളകം പഞ്ചായത്തിലെ ശാന്തിഗിരി, രാമച്ചി മേഖലകളിൽ നിരന്തരമായി കടുവയെയും പുലിയെയും കാണുന്ന സാഹചര്യത്തിൽ ഭീതിമൂലം കശുവണ്ടി ശേഖരിക്കുന്നതിനും റബ്ബർ ടാപ്പിംഗ് നടത്തുന്നതിനും സാധിക്കാതെ കർഷകർ പ്രതിസന്ധിയിലാണെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് വാച്ചർമാരെ തടഞ്ഞത്.

ഉത്തരവാദിത്വമുള്ള മേലുദ്യോഗസ്ഥരാരും തന്നെ സംഭവ സ്ഥലം സന്ദർശിക്കുന്നതിനോ, ജനങ്ങളെ കേൾക്കുന്നതിനോ ശ്രമിക്കാതിരുന്നതാണ് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമായത്. നാട്ടുകാരുടെ പ്രതിഷേധം വനപാലകർ പൊലീസിനെയും ഫോറസ്റ്റ് ഓഫീസറെയും അറിയിച്ചതിനെത്തുടർന്ന് ഫോറസ്റ്റ് ഓഫീസർ സി.കെ.മഹേഷും കേളകം എസ്.എച്ച്.ഒ പ്രവീൺ കുമാറും, സബ് ഇൻസ്പെക്ടർ മിനിമോളും സംഭവസ്ഥലത്തെത്തി. കോൺഗ്രസ് നേതാക്കളും നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

തുടർന്ന് കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്തുമായി ഫോണിൽ സംസാരിക്കുകയും വന്യജീവിയുടെ കാല്പാടുകൾ കാണപ്പെട്ട സ്ഥലത്ത് ഉൾപ്പെടെ കാമറകൾ സ്ഥാപിക്കാമെന്നും രാത്രികാലങ്ങളിൽ പട്രോളിംഗ് നടത്താമെന്നും ഉറപ്പ് നൽകിയതിനെത്തുടർന്നാണ് തടഞ്ഞുവച്ച വനപാലകരെ വിട്ടയച്ചത്. കോൺഗ്രസ് നേതാക്കളായ ലിസി ജോസഫ്, സന്തോഷ് ജോസഫ് മണ്ണാർകുളം, വർഗീസ് ജോസഫ് നടപ്പുറം, ജോയി വേളുപുഴ എന്നിവരുടെ നേതൃത്വത്തിലാണ് വനപാലകരെ തടഞ്ഞ് പ്രതിഷേധിച്ചത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 4.30ന് അടക്കാത്തോട് വാളുമുക്കിൽ റോഡിന് സമീപമുള്ള തൊഴുത്തിൽ നിന്നും കടുവ റോഡിലേക്ക് വരുന്നത് നാട്ടുകാരനായ കാവുങ്കൽ ഷാനവാസാണ് കണ്ടത്.

സർവകക്ഷി യോഗം ചേർന്നു

വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിനെതിരെ കേളകം പഞ്ചായത്ത് അടക്കാത്തോട് ക്ഷീരസംഘം ഹാളിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, ജില്ലാ പഞ്ചായത്തംഗം ലിസി ജോസഫ്, ഫോറസ്റ്റർ സി.കെ.മഹേഷ്, ശാന്തിഗിരി പള്ളി വികാരി സന്തോഷ് ഒറവാറുന്തറ, അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാം വി.എം.അബ്ദുൽ സലാം, സോമൻ കുറ്റിമാക്കൽ, കെ.പി.ഷാജി, എ.രാജൻ, സെബാസ്റ്റ്യൻ കുപ്പക്കാട്ട്, എം.ജെ.റോബിൻ, അനിൽ താഴത്തെമുറി, ജനപ്രതിനിധികൾ, വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു.

യോഗ തീരുമാനങ്ങൾ

1. കാട്ടാനശല്യമുള്ള പ്രദേശങ്ങളിൽ തൂക്ക് വൈദ്യുതി വേലി സ്ഥാപിക്കും

2. കടുവകളും പുലികളും ജനവാസ കേന്ദ്രത്തിലെത്തുന്നത് കണ്ടെത്താൻ കാമറകൾ

3. വനപാലകരുടെ നിരീക്ഷണം ശക്തമാക്കും

4. കൃഷിയിടങ്ങൾ കാട് തെളിക്കാൻ കർഷകർ ശ്രദ്ധിക്കണമെന്നും നിർദ്ദേശം