പഴയങ്ങാടി: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ പഴയങ്ങാടി പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ അടുത്തില സ്വദേശിയായ തൊട്ടാൻ പീടികയിൽ രാകേഷിനെതിരെയാണ് കേസ്. തങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരാവുകയും ലോഡ്ജിൽ ഒരുമിച്ച് താമസിക്കുകയും ചെയ്തിട്ടുണ്ടെന്ന് യുവതി പറയുന്നു. എന്നാൽ പിന്നീട് ഫോൺ ചെയ്താൽ പ്രതികരിക്കാതായതോടെ കഴിഞ്ഞ ജനുവരി നാലിന് പഴയങ്ങാടിയിലെ യുവാവിന്റെ വീട്ടിലെത്തി. ആ സമയം യുവാവ് കഴുത്തിൽ പിടിച്ച് ആക്രമിച്ചതായും പറയുന്നു. ഇക്കാര്യം പൊലീസിൽ അറിയിച്ചെങ്കിലും നാട്ടിൽ പോയി പരാതി നല്കാൻ പറഞ്ഞ് മടക്കുകയായിരുന്നുവത്രെ. തുടർന്ന് ഈ മാസം 7ന് വീണ്ടും എത്തി വനിതാ സെല്ലിൽ ഉൾപ്പെടെ പരാതി നൽകി. തുടർന്നാണ് പൊലീസ് കേസെടുത്തത്. യുവാവ് തന്റെ 75000 രൂപയും സ്വർണ്ണമാലയും മോതിരവും കൈക്കലാക്കിയതായും ഇവർ ആരോപിക്കുന്നു.