olakkuda

കാഞ്ഞങ്ങാട്: വിപണി പിടിക്കാൻ ശീലക്കുടകൾ വർണങ്ങളിലും രൂപത്തിലും വൻമാറ്റങ്ങൾ സ്വീകരിക്കുമ്പോഴും ആചാര,അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന ഓലക്കുടകൾക്ക് പാരമ്പര്യം തെറ്റിക്കാനാകില്ല.ഓലക്കുട നിർമ്മാണത്തിൽ ജന്മാവകാശമുള്ള കോടോം ബേളൂർ കാലിച്ചാനടുക്കം വളാപ്പാടിയിലെ കെ.ചന്ദ്രൻ ഈ പരമ്പരയിലെ അപൂർവകണ്ണിയാണ്.

നിലവിൽ കാസർകോട് ജില്ലയിൽ ഓലക്കുടകൾ നിർമ്മിക്കുന്നത് നാലോ അഞ്ചോ പേർ മാത്രമാണ്.ഇതുകൊണ്ടുതന്നെ കളിയാട്ടക്കാലമായാൽ ചന്ദ്രന് പിന്നെ വിശ്രമിക്കാൻ സമയമുണ്ടാകില്ല. കുടുംബാംഗങ്ങൾ സഹായിക്കാൻ കൂടെയുണ്ടാകും. ആദ്യകാലത്ത് തയ്യൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ക്ഷേത്രാവശ്യങ്ങൾക്ക് വേണ്ടുന്ന ഓലക്കുട നിർമ്മിച്ചുകൊടുത്തേ പറ്റുവെന്ന ഘട്ടം വന്നപ്പോഴാണ് പരമ്പരാഗത തൊഴിലിലേക്ക് തിരിഞ്ഞത്. അത്രവരെ ഓലക്കുട നിർമ്മാണം കണ്ടു മാത്രമറിഞ്ഞ ഇദ്ദേഹം ഈ കലയിൽ ക്രമേണ അസാമാന്യവൈദഗ്ധ്യം നേടിയെടുത്തു. ഉത്തരമലബാറിൽ തെയ്യംകെട്ടിയാടുന്ന ക്ഷേത്രങ്ങളിലും കാവുകളിലും കഴകങ്ങളിലും ആചാര അനുഷ്ഠാന കാര്യങ്ങൾക്ക് ഓലക്കുടകൾ കൂടിയേ തീരു.

ഭാര്യ ഇന്ദിര, മകനും ജ്യോത്സനുമായ ജഗദീഷ്,മരുമകൾ ജ്യോതി, കൊച്ചുമക്കളായ ശ്രീദർശ്, ശ്രീദിയ എന്നിവരടങ്ങുന്നതാണ് ചന്ദ്രന്റെ കുടുംബം.

ഓലക്കുടകൾ പലവിധം

തെയ്യക്കുട, തലക്കുട, തൊപ്പിക്കുട, ആചാരക്കുട എന്നിങ്ങനെ ഒാലക്കുടകൾ പലവിധമുണ്ട്. രണ്ട് മുതൽ അഞ്ച് വരെ ദിവസമാണ് നിർമ്മാണസമയം. വലുപ്പം അനുസരിച്ച് 1700 മുതൽ 2000 വരെ, 5000 മുതൽ 7000 രൂപ വരെയാണ് ഇവയുടെ വില. സൂക്ഷിക്കുന്നതിനനുസരിച്ച് ഏറെ ഈട് നിൽക്കുന്നവയാണ് ഓലക്കുടകൾ.

വേണം കുടപ്പനയോല

കുടപ്പനയുടെ ഓലയാണ് കുടയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇത് ലഭിക്കുകയെന്നതും വല്ലുവിളിയാണ്. ഇതുണ്ടാക്കാനാവശ്യമായ വസ്തുക്കളെല്ലാം കാട്ടിൽ നിന്നും കണ്ടെത്തണം. ഇവ ശേഖരിക്കുന്നതിലാണ് ചന്ദ്രനെ കുടുംബാംഗങ്ങൾ സഹായിക്കുന്നത്.