പേരാവൂർ: നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പേരാവൂർ താലൂക്ക് ആശുപത്രിയുടെ ബഹുനില കെട്ടിട നിർമ്മാണം ആരംഭിച്ചു. കിഫ്ബി ഫണ്ടിൽ 34 കോടി രൂപയുടെ ഒന്നാം ഘട്ട നിർമ്മാണമാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. ഏഴുനില കെട്ടിടത്തിന്റെ മൂന്ന് നിലകളാണ് ഒന്നാം ഘട്ടത്തിൽ നിർമ്മിക്കുന്നത്.

ഒ.പി, എ.പി, അത്യാഹിത വിഭാഗം, മാതൃ -ശിശു ശസ്ത്രക്രിയ, ഫാർമസി, ബ്ലഡ് ബാങ്ക്, എക്സറേ, നേത്രരോഗ വിഭാഗങ്ങൾ തുടങ്ങി നിലവിലെ മുഴുവൻ സംവിധാനങ്ങളും ഒരു കെട്ടിടത്തിലേക്ക് മാറ്റുംവിധമാണ് രൂപരേഖ. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും.

ആശുപത്രി നവീകരണത്തിന്റെ ഭാഗമായുള്ള 34 കോടി രൂപയുടെ ടെൻഡറിന് ഫെബ്രുവരിയിൽ ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്കാണ് ടെൻഡർ നൽകിയത്. 2021ൽ തറക്കല്ലിട്ട ആശുപത്രിയുടെ നിർമ്മാണം ചില നിയമ തടസ്സങ്ങൾ മൂലം തുടക്കത്തിലേ നിലച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങാത്തതിനാൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധങ്ങളുമായി രംഗത്തെത്തുകയും സമരങ്ങൾ നടത്തുകയും ചെയ്തു. ആരോഗ്യ മന്ത്രി ഇടപെട്ടതിനെത്തുടർന്നാണ് നടപടിയുണ്ടായത്.