
പരിയാരം:കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് നേരിടുന്ന ഗുരുതരമായ മലിനജലപ്രശ്നത്തിന് ശാശ്വത പരിഹാരം ഒരുങ്ങുന്നു. കേന്ദ്രസർക്കാറിന്റെ സ്വച്ഛ്ഭാരത് പദ്ധതിക്ക് കീഴിൽ 12 കോടി ചെലവിൽ അത്യാധുനിക ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായി.
മെഡിക്കൽ കോളേജിന് പിറകിൽ കടന്നപ്പള്ളി റോഡിനോട് ചേർന്നാണ് പുതിയ ട്രീറ്റ്‌മെന്റ് പ്ലാന്റ് ആരംഭിക്കുന്നത്. സമീപ പഞ്ചായത്തുകളിൽ നിന്നുള്ള മലിനജലം കൂടി ശുചീകരിക്കാനുള്ള സൗകര്യം കൂടി ഈ പ്ലാന്റിലുണ്ടാവും ഒരു വർഷത്തിനകം പുതിയ പ്ലാന്റിന്റെ നിർമ്മാണം ആരംഭിക്കുമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്.
പ്രതിഷേധം തണുപ്പിക്കും പദ്ധതി
27 വർഷം മുമ്പ് സ്ഥാപിച്ച ട്രീറ്റ്‌മെന്റ് ശേഷി വർദ്ധിപ്പിക്കാൻ സാധിക്കാതെ വരികയും സ്ഥലപരിമിതി പ്രശ്നമാകുകയും ചെയ്തതോടെയാണ് മെഡിക്കൽ കോളേജിലെ മലിനജലപ്രശ്നം പരിസരവാസികളുടെ പ്രതിഷേധത്തിൽ കലാശിച്ചത്.
മലിനജലം റോഡിലേക്കും പരിസരത്തെ തോടുകളിലേക്കും ഒഴുകിയെത്തുന്നതിനെതിരെ ഇവിടെ കർമ്മസമിതി സമരങ്ങളും പതിവായിരുന്നു. ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പൈപ്പുകൾ അടയുന്നതാണ് മലിനജലം പുറന്തള്ളുന്നതിന് പ്രധാനകാരണമായത്. തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളെ എത്തിച്ച് തടസം നീക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ കൂറ്റൻ പൈപ്പുകൾ ജെ.സി.ബി ഉപയോഗിച്ച് പൊളിക്കേണ്ടിവന്നു. സിനിറ്ററി നാപ്കിനും മദ്യക്കുപ്പികളും പ്ലാസ്റ്റിക്ക് കവറുകളും ഉൾപ്പെടെയാണ് പൈപ്പിനെ തടസപ്പെടുത്തിയിരുന്നത്. രോഗികളും കൂട്ടിരിപ്പുകാരും ശുചിമുറികളിൽ തള്ളുന്ന മാലിന്യം തലവേദനയായതോടെയാണ് പുതിയ പ്ളാന്റെന്ന പരിഹാരനിർദ്ദേശം ഉയർന്നുവന്നത്.
നിലവിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാനുള്ള സംവിധാനം മെഡിക്കൽ കോളേജ് അധികൃതർ ഒരുക്കിയിട്ടുണ്ട്.