
കണ്ണൂർ: ഗ്രാമ,നഗര ഭേദമന്യേ ജില്ലയിൽ മോഷണം വ്യാപകമാകുമ്പോഴും പ്രതികളിലെത്താനാകാതെ പൊലീസ് വിയർക്കുന്നു. കഴിഞ്ഞ ഒരുമാസത്തിനിടയിൽ ചെറുതും വലുതുമായ നിരവധി മോഷണകേസുകൾ മിക്ക സ്‌റ്റേഷനുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഈ കേസുകൾക്കൊന്നും തുമ്പുണ്ടാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുന്നതിലെ പ്രയാസം മൂലം പരാതി നൽകിയവർ കേസുകളുടെ പിറകെ പോകാൻ മടിക്കുന്നതിനാൽ മോഷ്ടാക്കൾക്ക് നിർബാധം വിഹരിക്കാനുള്ള അവസരമാണ് തുറന്നുകിട്ടുന്നത്.
രാത്രികാലങ്ങളിൽ ആൾ താമസമില്ലാത്ത വീടുകൾ നോക്കിയാണ് മോഷണം കൂടുതലും. ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവർ ബന്ധുവീടുകളിലേക്ക് പോകുന്നതടക്കമുള്ള സാഹചര്യം മോഷ്ടാക്കൾ മുതലെടുക്കുകയാണ്.
തുമ്പില്ലാതെ പട്ടുവത്തെ മോഷണം
രണ്ടാഴ്ച മുൻപ് പട്ടുവം എൽ.പി സ്‌കൂളിന് സമീപത്ത് തനിച്ച് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിൽ കയറി സ്വർണവും പണവും മോഷ്ടാക്കൾ കവർന്നിരുന്നു.അലമാര കുത്തിപൊളിച്ചായിരുന്നു ഏകദേശം ഒരു ലക്ഷം രൂപയുടെ മുതൽ
കൊണ്ടുപോയത്. പൊലിസ് നായ ഉൾപ്പെടെ എത്തി പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
കാണാമറയത്ത് പ്രതികൾ 
കഴിഞ്ഞ ജനുവരിയിൽ കണ്ണൂർ നഗരത്തിൽ നിരവധി കടകളിലും വീടുകളിലും മോഷണം നടന്നു. ജനുവരി 19ന് കണ്ണൂർ സ്റ്റാർ ഗോർഡ് ജ്വല്ലറി മാനേജിംഗ് പാർട്ണർ നിശ്ചൽ പ്രവീൺ വസന്തിന്റെ കണ്ണോത്തുംചാലിലെ ലൈവ് ഷോർ അപ്പാർട്ട്‌മെന്റിലെ വീട് കുത്തിതുറന്ന് 26 ലക്ഷത്തിന്റെ സ്വർണം കവർന്നു. ഇതിന് തൊട്ടുമുമ്പ് ഫോർട്ട് റോഡിലെ ഒരു സ്ഥാപനത്തിന്റെ ചുമർ കുത്തിതുറന്ന് ഒന്നരലക്ഷം രൂപയും കവർന്നിരുന്നു. ജനുവരി 19ന് കരിവള്ളൂർ പാലക്കുന്ന് പെട്രോൾ പമ്പിന് സമീപം പകൽ വീട് കുത്തിതുറന്ന് 50000 രൂപയും രണ്ട് പവൻ കവർന്ന സംഭവത്തിലും പ്രതികളിലെത്താൻ പൊലീസിന് സാധിച്ചില്ല.
പട്ടാപ്പകലിലെ മുണ്ടേരി മോഡൽ
പകൽ സമയങ്ങളിൽ ജോലിക്ക് പോകുന്നവരുടെ വീടുകളിൽ കയറി പണം മാത്രം മോഷ്ടിക്കുന്ന സംഘങ്ങൾ ഇറങ്ങിയതിന്റെ സൂചനയും ലഭിക്കുന്നുണ്ട്. മുണ്ടേരി പഞ്ചായത്ത് പരിധിയിലെ നിരവധി വീടുകളിൽ ഈയിടെ കവർച്ച നടന്നത് പകൽസമയങ്ങളിലാണ്.കള്ളതാക്കോൽ ഉപയോഗിച്ചും പൂട്ട് പൊളിച്ചും അകത്തുകയറുന്ന സംഘങ്ങൾ വീട്ടുകാർ പുറത്തുപോകുന്നത് മനസിലാക്കിയാണ് ഇറങ്ങുന്നത്.ഉത്സവത്തിരക്കിനിടയിലുള്ള മോഷണവും ജില്ലയിൽ വ്യാപകമാണ്. വിവിധ ഭാഗങ്ങളിൽ തമ്പടിച്ച നാടോടി സംഘങ്ങളുടെ ഭിക്ഷാടനവും സംശയത്തിന്റെ നിഴലിലാണ്. വീടും ചുറ്റുപാടും മനസിലാക്കി മോഷണസംഘങ്ങൾക്ക് വിവരം കൈമാറാനുള്ള സാദ്ധ്യതയാണ് ഇവരെ സംശയത്തിൽ നിർത്തുന്നതിന് പിന്നിൽ.