election
ലോക്‌സഭാ തിരഞ്ഞെടുപ്പ്

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് വിവിധ ഓൺലൈൻ സംവിധാനങ്ങളും സജ്ജമായി. പെരുമാറ്റച്ചട്ട ലംഘനങ്ങൾ അധികാരികളെ അറിയിക്കാൻ സി -വിജിൽ, ഭിന്നശേഷിക്കാർക്ക് വോട്ടിംഗ് എളുപ്പമാക്കാൻ ഉപയോഗിക്കുന്ന സക്ഷം മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വളരെ വേഗത്തിലും എളുപ്പത്തിലും തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുന്നതിന് കമ്മിഷൻ തയ്യാറാക്കിയ ആപ്പാണ് വിജിലൻസ് സിറ്റിസൺ (സി -വിജിൽ)ആപ്പ്. പൊതുജനങ്ങൾക്ക് ചട്ടലംഘനങ്ങൾ സംബന്ധിച്ച ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പകർത്തി സി -വിജിൽ ആപ്പ് വഴി പരാതി അറിയിക്കാം. പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതി നൽകാം. ഇത്തരത്തിൽ നൽകുന്ന പരാതികൾക്ക് 100 മിനുട്ടിനുള്ളിൽ നടപടിയാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി തിരഞ്ഞെടുപ്പ് കമ്മിഷൻ ആവിഷ്‌കരിച്ച സുപ്രധാന സംവിധാനമാണ് സക്ഷം മൊബൈൽ ആപ്പ്. വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യൽ, മറ്റ് തിരുത്തലുകൾ വരുത്തൽ, പോളിംഗ് സ്റ്റേഷൻ കണ്ടെത്തൽ, വോട്ട് രേഖപ്പെടുത്തൽ എന്നിവക്ക് ആവശ്യമായ സഹായങ്ങൾ ആപ്പിലൂടെ ലഭിക്കും. വോട്ടെടുപ്പ് ദിവസം വീൽചെയർ ഉൾപ്പെടെയുള്ള സേവനങ്ങൾ ആപ്പ് വഴി ആവശ്യപ്പെടാം. ആപ്പിന്റെ ആൻഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകൾ ലഭ്യമാണ്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട വിരുദ്ധമായ പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ ഫീൽഡ് സർവൈലൻസ് ടീമുകൾ ഉപയോഗിക്കുന്ന ഇലക്ഷൻ സീഷർ മാനേജ്‌മെന്റ് സിസ്റ്റ (ഇ.എസ്.എം.എസ് ആപ്പ്)വും റെഡിയാണ്. 10 ലക്ഷം രൂപക്ക് മുകളിലുള്ള അനധികൃത പണമോ മറ്റ് വസ്തുകളോ കണ്ടെത്തിയാൽ ആപ്പിൽ രേഖപ്പെടുത്തും. ബന്ധപ്പെട്ട നോഡൽ ഏജൻസിക്ക് ഇതിന്റെ വിവരങ്ങൾ ലഭ്യമാക്കും. നോഡൽ ഏജൻസിയാണ് ഇവ പിടിച്ചെടുക്കുക. ഇൻകംടാക്സ്, എക്‌സൈസ്, ജി.എസ്.ടി തുടങ്ങി 22 നോഡൽ ഏജൻസികളാണ് ഇ.എസ്.എം.എസിൽ ഉൾപ്പെട്ടിട്ടുള്ളത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തുന്നത് എൻകോർ ആപ്പിലുള്ള വിവിധ മൊഡ്യൂളുകളിലാണ്. സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക, സൂക്ഷ്മ പരിശോധന, സത്യവാങ്മൂലം, പോളിംഗ് നില, ചെലവ് നിരീക്ഷണം തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള ആപ്പാണിത്. എൻകോറിന്റെ ഭാഗമായുള്ള പോർട്ടലാണ് സുവിധ. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനാണ് സുവിധ ആപ്ലിക്കേഷൻ തയ്യാറാക്കിയത്.

മറ്റു പ്രധാന സൗകര്യങ്ങൾ

1. വോട്ടർ ടേൺഔട്ട് ആപ്പ്

പോളിംഗ് ദിനത്തിൽ പോളിംഗ് ശതമാനം വേഗത്തിൽ അറിയാനാണ് വോട്ടർ ടേൺഔട്ട് ആപ്ലിക്കേഷൻ തയ്യാറാക്കിയത്.

2. ഇ.വി.എം മാനേജ്‌മെന്റ് സിസ്റ്റം

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്താനുള്ള സംവിധാനമാണ് ഇ.വി.എം മാനേജ്‌മെന്റ് സിസ്റ്റം.

3. ഇ.ആർ.ഒ നെറ്റ്

വോട്ടർ പട്ടിക കൈകാര്യം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷനാണ് ഇ.ആർ.ഒ നെറ്റ്. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ, ബൂത്ത് ലെവൽ ഓഫീസർ എന്നിവരാണ് ആപ്പ് ഉപയോഗിക്കുന്നത്.

4. ഇ.ടി.പി.ബി.എം.എസ്

സർവീസ് വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് അയക്കാനുള്ള സംവിധാനമാണ് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് മാനേജ്‌മെന്റ് സിസ്റ്റം.

5. ഓർഡർ

പോളിംഗ് ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങൾ കൈകാര്യം ചെയ്യാനായി നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ തയ്യാറാക്കിയ പോർട്ടലാണ് ഓർഡർ.

6. പോൾ മാനേജർ

പോളിംഗ് ദിവസം പോളിംഗ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങൾ മോണിറ്റർ ചെയ്യുന്നതിനും ഓരോ മണിക്കൂറുകളിലുമുള്ള പോളിംഗ് നില പോളിംഗ് ഉദ്യോഗസ്ഥർക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള ആപ്ലിക്കേഷനാണ് പോൾ മാനേജർ.