
പയ്യാവൂർ: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യാവൂർ പഞ്ചായത്തിലെ കണ്ടകശ്ശേരി വാർഡിൽ നിർമ്മിക്കുന്ന വയോജന വിശ്രമ കേന്ദ്രത്തിന്റെ പ്രവൃത്തി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. കാക്കത്തോടിൽ ജെയിംസ് കുന്നാം പടവിൽ സൗജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. 2023-24, 2024-25 വർഷങ്ങളിലെ പദ്ധതികളിൽ ഉൾപ്പെടുത്തി ബഹു വർഷ പദ്ധതിയായാണ് വയോജന വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണം നടത്തുന്നത്.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് തുരുത്തേൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ടി.പി.അഷ്റഫ്, ജെയിംസ് കുന്നാം പടവിൽ, ഗോപാലകൃഷ്ണൻ മേക്കൊമ്പനാൽ, എൻ.കെ. മത്തായി എന്നിവർ സംസാരിച്ചു.