നീലേശ്വരം: ട്രെയിൻ നമ്പർ 06469 കണ്ണൂർ - ചെറുവത്തൂർ എക്സ്‌പ്രസ് മംഗളൂരു വരെ നീട്ടണമെന്ന ആവശ്യം ശക്തമായി. വൈകിട്ട് 5.30നാണ് ട്രെയിൻ കണ്ണൂരിൽ നിന്ന് പുറപ്പെടുന്നത്. 6.35ന് ചെറുവത്തൂരിൽ യാത്ര അവസാനിപ്പിക്കും. നേരത്തെ ഈ ട്രെയിൻ മംഗളൂരു വരെ പോയി തിരിച്ച് 11.05 ന് ചെറുവത്തൂരിൽ എത്തുകയും രാവിലെ 6.15ന് ചെറുവത്തൂർ-മംഗളൂരു പാസഞ്ചറായി ഓടുകയുമായിരുന്നു. എന്നാൽ പിന്നീട് വൈകിട്ട് ചെറുവത്തൂരിൽ യാത്ര അവസാനിപ്പിക്കുന്ന രീതിയിൽ ക്രമീകരിക്കുകയാണുണ്ടായത്.
ചെറുവത്തൂരിൽ നിന്ന് പരശുരാം എകസ്പ്രസ് കടന്നു പോയി വളരെ വൈകി മാത്രം പുറപ്പെടുന്ന ട്രെയിനിൽ യാത്രക്കാർ കുറവെന്ന കാരണം പറഞ്ഞാണ് റെയിൽവേ ഇതിന്റെ യാത്ര ചെറുവത്തൂരിൽ മാത്രമായി പരിമിതപ്പെടുത്തിയത്. എന്നാൽ പരശുരാം ഒരു മണിക്കൂറിലധികം വൈകി വരുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ രാത്രി 8 മണിയോടെ ഈ ട്രെയിൻ മംഗളൂരുവിലെത്തുകയാണെങ്കിൽ നിരവധി യാത്രക്കാർക്ക് ഗുണം ചെയ്യും. ട്രെയിൻ തിരികെ ചെറുവത്തൂരിലേക്ക് വരുമ്പോൾ പ്രത്യേകിച്ച് മംഗളൂരുവിൽ പോയി വരുന്ന രോഗികൾക്കും മറ്റും ഏറെ പ്രയോജനപ്പെടും. കൂടാതെ വൈകിട്ട് മംഗളൂരുവിൽ നിന്ന് 6.15ന് പുറപ്പെടുന്ന മലബാർ എകസ് പ്രസ് കഴിഞ്ഞാൽ രാത്രി 10.40ന് മംഗളൂരു ജംഗ്ഷൻ വഴി വരുന്ന മംഗള സൂപ്പർഫാസ്റ്റ് എക്സ് പ്രസാണ് അടുത്ത ആശ്രയം. മംഗളയ്ക്കാണെങ്കിൽ കാസർകോട്, നീലേശ്വരം എന്നിവിടങ്ങളിൽ മാത്രമേ സ്റ്റോപ്പുമുള്ളൂ. പിന്നെയുള്ള ട്രെയിൻ 11.45ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ നിന്ന് ചെന്നൈക്ക് പുറപ്പെടുന്ന വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എകസ് പ്രസാണ്. അതിനും കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം സ്റ്റേഷനുകളിൽ മാത്രമേ സ്റ്റോപ്പുള്ളൂ.
യാത്രക്കാരുടെ ആഗ്രഹം ഇതാണ്
1. വൈകിട്ട് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൽ മംഗളൂരുവരെ നീട്ടണം
2. മംഗളൂരുവിൽ നിന്ന് ഒമ്പത് മണിയോടടുപ്പിച്ച് ചെറുവത്തൂരിലേക്ക് പുറപ്പെടണം
3. അമൃത് ഭാരത് പദ്ധതിയിൽ വികസിപ്പിക്കുന്ന പയ്യന്നൂരുവരെ ഇത് നീട്ടാം
4. പയ്യന്നൂരിലെത്തിയാൽ രാവിലെ പയ്യന്നൂർ- മംഗളൂരു ട്രെയിനും കണ്ണൂർ ജില്ലക്കാർക്ക് ലഭിക്കും
5. ബസുകളുടെ അഭാവം നേരിടുന്ന രാത്രികാല യാത്ര ഇതോടെ കൂടുതൽ മെച്ചമാകും