
നീലേശ്വരം: രണ്ടാംതവണ കാസർകോട് മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ തൃക്കരിപ്പൂർ മണ്ഡലത്തിൽ ആദ്യഘട്ട പര്യടനം നടത്തി. ഇന്നലെ രാവിലെ നീലേശ്വരം നഗരത്തിലെ ഗാന്ധിസ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് ഏകദിന പര്യടനത്തിന് തുടക്കമിട്ടത്.
സ്ഥാനാർത്ഥിയെ രാവിലെ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിന്നും പ്രവർത്തകർ ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെയാണ് നഗരസഭ ഓഫീസിനടുത്തുള്ള ഗാന്ധിസ്മൃതി മണ്ഡപത്തിലേക്ക് സ്വീകരിച്ചത്. തുടർന്ന് കോൺവെന്റ് ജംഗ്ഷൻ വരെയായിരുന്നു റോഡ് ഷോ. ഉച്ചയോടെ മലയോര പഞ്ചായത്തുകളായ ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി തുടങ്ങിയിടങ്ങളിലായിരുന്നു പര്യടനം. വൈകുന്നേരം കയ്യൂർ ചീമേനി, പിലിക്കോട് പഞ്ചായത്തുകളിലും പര്യടനം നടത്തി. തൃക്കരിപ്പൂർ,വലിയപറമ്പ്,പടന്ന എന്നീ തീരദേശ പഞ്ചായത്തുകളിലും റോഡ് ഷോ നടത്തിയാണ് രാജ് മോഹൻ ഉണ്ണിത്താൻ വോട്ടർമാർക്ക് മുന്നിലെത്തിയത്. വൈകുന്നേരം ആറരയോടെ പര്യടനം ചെറുവത്തൂരിൽ സമാപിച്ചു.
നീലേശ്വരം നഗരത്തിൽ ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ, തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളായ എ.ജി.സി.ബഷീർ, മാമുനി രവി, അഡ്വ.കെ.കെ.രാജേന്ദ്രൻ, സത്താർ വടക്കുമ്പാട്, കെ.വി.സുധാകരൻ, പി.കുഞ്ഞിക്കണ്ണൻ, ടി.സി.എ.റഹ്മാൻ, ഇ.എം.കുട്ടി, കെ.പി.പ്രകാശൻ, കരിമ്പിൽ കൃഷ്ണൻ, പി.കെ.നസീർ, ലത്തീഫ് നീലഗിരി, രമേശൻ കരുവാച്ചേരി, മടിയൻ ഉണ്ണികൃഷ്ണൻ, കെ.ഉമേശൻ, എറുവാട്ട് മോഹനൻ, കാർത്തികേയൻ ഇരിയ, പ്രവാസ് ഉണ്ണിയാടൻ, ഇ.ഷജീർ, കെ.കാർത്യായനി എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.