1
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് കുലകൊത്തുന്നു.

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് കാർത്തിക നാളിൽ ഭണ്ഡാര വീട്ടിൽ കുലകൊത്തൽ ചടങ്ങ് നടന്നു. മുല്ലച്ചേരിയിൽ നിന്നാണ്‌ കുലകൾ കൊത്തി ഭണ്ഡാര വീട്ടിൽ എത്തിച്ചത്. 17ന് മേലേ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടുന്നത്തോടെ 7 ദിവസം നീളുന്ന ഉത്സവത്തിന് ആരംഭം കുറിക്കും.

17മുതൽ 20 വരെ രാത്രിയിൽ പൂരക്കളി ഉണ്ടാകും. 21ന് പകൽ പെരുമുടിത്തറയിലെയും കീഴ്ത്തറയിലെയും 22ന് പകൽ പെരുമുടിത്തറയിലെയും, കീഴ്ത്തറയിലെയും പണിക്കന്മാരുടെ മറുത്തു കളി നടക്കും. 23ന് മൂന്ന് പണിക്കന്മാരും ചേർന്നുള്ള ഒത്തുകളിയും നടക്കും. തറകൾ കേന്ദ്രീകരിച്ചുള്ള മറുത്തു കളി കഴിഞ്ഞമാസം 19നും 21നും അതത് തറയിൽ വീടുകളിൽ നടന്നിരുന്നു.

രാജീവൻ കൊയങ്കര (പെരുമുടിത്തറ), രാജേഷ് അണ്ടോൾ (മേൽത്തറ), ബാബു അരയി(കീഴ്ത്തറ ) എന്നിവരാണ് മറത്തു കളി പണിക്കന്മാർ. പി.വി. കുഞ്ഞിക്കോരനാണ് ക്ഷേത്രത്തിലെ സ്ഥിരം പണിക്കർ. 5 വർഷങ്ങൾക്ക് ശേഷമാണ് പാലക്കുന്നിൽ പുറമെ നിന്നുള്ള പണിക്കന്മാരെ വച്ച് മറുത്തുകളി നടത്തുന്നത് . രാത്രി പൂരംകുളിയും 24ന് പുലർച്ചെ ഉത്രവിളക്കും പൂർത്തിയാകും. തുടർന്ന് തിരിച്ചെഴുന്നള്ളത്തോടെ സമാപനം. അന്ന് രാത്രി ഭണ്ഡാര വീട്ടിൽ തെയ്യം കൂടും. 25ന് വിഷ്ണുമൂർത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങൾ കെട്ടിയാടും.