പയ്യന്നൂർ: നഗരസഭയിൽ പി.എം.എ.വൈ. ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ 666 വീടുകളുടെ നിർമ്മാണം പൂർത്തിയായി.

"ഭവന രഹിതരില്ലാത്ത പയ്യന്നൂർ - എല്ലാവർക്കും ഭവനം" എന്ന ലക്ഷ്യം മുൻ നിർത്തി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നഗരസഭ നടപ്പിലാക്കി വരുന്ന പദ്ധതിയിലൂടെ 12 ഘട്ടങ്ങളിലായി 824 ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുത്തിരുന്നത്.

ഇതിൽ 666 ഗുണഭോക്താക്കൾക്കുള്ള വീടുകളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. നഗര സഭ ഹാളിൽ നടന്ന പൂർത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. പി.എം.എ.വൈ.എസ്.ഡി.എസ്, ആഷ്നജോസ് റിപ്പോർട്ടവതരിപ്പിച്ചു. ചുരുങ്ങിയ ചെലവിൽ ഭവന നിർമ്മാണം എന്ന വിഷയത്തിൽ കിരൺ കെ.നായർ ക്ലാസ്സെടുത്തു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.ജയ, ടി.വിശ്വനാഥൻ, വി.വി.സജിത, കൗൺസിലർമാരായ ബി.കൃഷ്ണൻ, കെ.ചന്ദ്രിക, ടി.ദാക്ഷായണി, സി.ഡി.എസ് ചെയർപേഴ്സൺ പി.പി.ലീല,നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, പി.വി.രാജേഷ്, മെമ്പർ സെക്രട്ടറി പി.കെ.സുരേഷ് സംസാരിച്ചു. പദ്ധതി പ്രകാരമുള്ള 824 വീടുകളിൽ ബാക്കിയുള്ളവയുടെ നിർമ്മാണം ഡിസംബർ മാസത്തോടുകൂടി പൂർത്തീകരിച്ച് സമ്പൂർണ്ണ പ്രഖ്യാപനം നടത്താൻ കഴിയുമെന്നു ചെയർപേഴ്സൺ പറഞ്ഞു.