logo-

കാസർകോട് :കുമ്പളയിൽ നിന്ന് ആടുകളെ മോഷ്ടിച്ച് കർണ്ണാടകയിലേക്ക് കാറിൽ കടത്തി കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിയുന്ന ബ്രഹ്മപുരയിലെ സക്കഫുള്ളയെ ( 28 ) കോടതി അനുമതിയോടെ കുമ്പള പൊലീസ് കർണാടകയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.നൂറുകണക്കിന് ആടുമോഷണക്കേസുകൾക്ക് തുമ്പുണ്ടാകുമെന്ന വിശ്വാസത്തിൽ ഈയാളെ ചോദ്യം ചെയ്തുവരികയാണ്.

കുമ്പള സർക്കാർ ആസ്പത്രിക്ക് സമീപത്തെ കെ.ബി. അബ്ബാസിന്റെ അരലക്ഷം വിലയുള്ള ജെമ്നാ പ്യാരിയെ ഉൾപ്പെടെയാണ് സക്കഫുള്ള വിവിധ ദിവസങ്ങളിലായി കർണ്ണാടകയിലേക്ക് കടത്തി കൊണ്ടുപോയത്. മേയാൻ വിട്ട ആടുകളെ പതിമൂന്നുകാരനെ ഉപയോഗിച്ച് ബിസ്‌ക്കറ്റ് നൽകി കാറിനടുത്തെത്തിച്ച് കടത്തുന്നതാണ് സംഘത്തിന്റെ രീതി. കാറിൽ കടത്തുന്ന ആടുകളെ സംഘത്തിന്റെ നേതാവായ ഷിമോഗ സ്വദേശിയും കേസിൽ ഒന്നാംപ്രതിയുമായ റഫീഖ് എന്ന സാദിഖിന് കൈമാറും.

മുഴുവൻ പ്രതികളെ പിടികൂടുന്നതുവരെ വിശ്രമിക്കില്ലെന്ന് അബ്ബാസ്

പതിമൂന്നുകാരൻ തന്റേതടക്കമുള്ള ആടുകളെ കടത്തിക്കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പരാതിക്കാരനായ അബ്ബാസും സഹോദരൻ അബ്ദുൾഹമീദും നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. നാലുമാസത്തോളമായി തന്റെ ആടിനെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലായിരുന്നു ഇരുവരും. കുമ്പള പൊലീസിൽ ആദ്യം നൽകിയ പരാതിയിൽ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. തുടർന്നാണ് സ്വന്തം നിലയ്ക്ക് ഇരുവരും അന്വേഷണം നടത്തിയതും ബ്രഹ്മപുര രങ്കീലക്കരയിലെ ക്വാർട്ടേഴ്സിൽ മോഷ്ടിച്ച് എത്തിച്ച നിരവധി ആടുകളെ കണ്ടെത്തിയതും. ആടുകളെ കടത്തുന്ന കുട്ടിയും മാതാവുമടക്കമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം കേസിലെ ഒന്നാം പ്രതിയെയും കൂട്ടുപ്രതിയായ സ്ത്രീയെയും അറസ്റ്റ് ചെയ്യുന്നതിനും മോഷണം പോയ ആടുകളെ തിരിച്ചുകിട്ടാനും വേണ്ടി ഇനിയും പോരാട്ടം നടത്തുമെന്ന് അബ്ബാസും ഹമീദും പറഞ്ഞു.