
പിലിക്കോട്: മീനമാസത്തിലെ കാർത്തിക നാളായ ഇന്നലെ വടക്കൻ കേരളത്തിൽ പൂരോത്സവത്തിന് തുടക്കമായി.ഒൻപതുദിവസങ്ങളിലായി നടക്കുന്ന പൂരോത്സവം ദേശാധിപരായ ദേവതകളുടെ പൂരംകുളിയോടെയാണ് സമാപിക്കുന്നത്.
പിലിക്കോട് രയരമംഗലത്ത് നടന്ന പത്മശാലിയ പൊറാട്ട് കാണാൻ നൂറുകണക്കിനാളുകളാണ് എത്തിയത് രയരമംഗലം ഭഗവതി ക്ഷേത്രം കാർത്തിക വിളക്ക് മഹോത്സവ ഭാഗമായാണ് ആചാരപ്പെരുമയിൽ ആക്ഷേപ ഹാസ്യവുമായി പൊറാട്ടുവേഷങ്ങൾ അരങ്ങുപിടിച്ചത് പിലിക്കോട് തെരു സോമേശ്വരി ക്ഷേത്രത്തിൽ നിന്നാണ് പത്മശാലിയ പൊറാട്ട് ആരംഭിച്ചത്. സമൂഹത്തിലെ കൊള്ളരുതായ്മകളെ രൂക്ഷമായ ഭാഷയിൽ ചോദ്യം ചെയ്താണ് പതിവുപോലെ പൊറാട്ട് വേഷങ്ങൾ രസം ചൊരിഞ്ഞത്. കെ റെയിലും പാർട്ടി മാറ്റവും മുതൽ ക്ഷേമ പെൻഷൻ വിതരണം വരെ ഇക്കുറി ഇവരുടെ സംഭാഷണങ്ങളിൽ ഇടംപിടിച്ചു.
മാണിക്യകല്ല് എന്ന സ്ഥലത്തിന് വേണ്ടി പഴയകാലത്ത് രണ്ടു തറവാട്ടുകാർ തമ്മിൽ നടന്നുവെന്ന് പറയപ്പെടുന്ന യുദ്ധത്തെ പിൻപറ്റിയാണ് പൊറാട്ട് അരങ്ങേറുന്നതെന്നാണ് ഐതിഹ്യം. ചെണ്ടകളുടെ അകമ്പടിയോടെയാണ് ഇന്നലെ വൈകീട്ട് ആറു മണിയോടെ പൊറാട്ടുകൾ പ്രത്യക്ഷപ്പെട്ടത്. വിവിധ ആചാര പൊറാട്ടുവേഷങ്ങളായിരുന്നു ഇവയുടെ മുൻനിരയിൽ.