തലശ്ശേരി: നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർക്ക് തമിഴ്നാട്ടിൽ ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ. പാട്യം കോങ്ങാറ്റയിലെ ശ്രീനന്ദനം വീട്ടിൽ എൻ.കെ രാജീവിനാണ് തമിഴ്നാട് പൊലീസിന്റെ നോട്ടീസെത്തിയത്. ഓട്ടോറിക്ഷയ്ക്കാണ് ഹെൽമെറ്റ് വച്ചില്ലെന്ന് കാട്ടി 2000 രൂപ പിഴ ചുമത്തിയത് ഇദ്ദേഹം തലശ്ശേരിയിൽ സർവ്വീസ് നടത്തുന്ന കെ.എൽ. 58 എച്ച് 3468 പാസിഞ്ചർ ഓട്ടോറിക്ഷക്കാണ് പിഴ. താമ്പാരം സിറ്റി പൊലീസ് എസ്.ഐ സുന്ദരമൂർത്തിയുടെ അറിയിപ്പാണ് വന്നത്. മാർച്ച് 10ന് പിഴ അടക്കണമെന്ന നോട്ടീസ് വീട്ട് മേൽവിലാസത്തിൽ തപാൽ വഴിയാണ് വന്നത്. ഇത് സംബന്ധിച്ച് കേരള ഗതാഗത വകുപ്പ് മന്ത്രിക്ക് രാജീവൻ പരാതി നൽകിയിട്ടുണ്ട്. പിഴ ചുമത്തിയത് കാരണം തനിക്ക് ഓട്ടോറിക്ഷയുടെ ടാക്സ് അടക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്ന് രാജീവൻ പറഞ്ഞു. തമിഴ്നാട് പൊലീസിനും പരാതി അയച്ചിട്ടുണ്ട്.