board
ആലക്കാട് പ്രാഥമികാരോഗ്യകേന്ദ്രം

പിലാത്തറ: ഉൾനാടൻ മലയോര പ്രദേശത്തുകാർക്ക് ഏക ആശ്രയമായ ആലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തണമെന്ന ആവശ്യത്തിന് വിലകൽപ്പിക്കാതെ അധികൃതർ. ആതുര ശുശ്രൂഷാ രംഗത്ത് സൗകര്യങ്ങളില്ലാത്ത പാണപ്പുഴ വില്ലേജിൽ 1980ൽ തുടങ്ങിയതാണ് ഈ ആരോഗ്യകേന്ദ്രം. നാട്ടുകാർ വിലയ്ക്കെടുത്ത് സംഭാവന ചെയ്ത ഒരു ഏക്കർ 13 സെന്റ് സ്ഥലം സ്വന്തമായുള്ള ഇവിടെ ഭൗതികസൗകര്യങ്ങളും ലാബ്, മുഴുവൻ സമയ ഡോക്ടർമാരുടെ സേവനം എന്നിവ ലഭ്യമല്ല. രോഗാവസ്ഥയിൽ ഒ.പിയിൽ ഡോക്ടറെ കാണുന്ന രോഗിക്ക് ലാബ് പരിശോധനക്കെഴുതിയാൽ കിലോമീറ്ററുകൾ സഞ്ചരിച്ച് മാതമംഗലത്തെത്തണം. പരിശോധനാ ഫലവുമായി രോഗി തിരിച്ചെത്തുമ്പോൾ ഡോക്ടർ പോയിട്ടുമുണ്ടാകും.

പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി രോഗികൾ ഇത്തരത്തിൽ വലയേണ്ടിവരുന്നു. ഇവിടെ ലാബ് പരിശോധന സൗകര്യം ഏർപ്പെടുത്താനുള്ള നടപടിക്രമങ്ങൾ മൂന്ന് വർഷമായി ഇഴഞ്ഞുനീങ്ങുകയാണ്. ആശുപത്രിയോട് ചേർന്ന പുറത്തെ കെട്ടിടത്തിലാണ് ഫാർമസി പ്രവർത്തനം. രോഗികൾ വെയിലത്ത് ക്യൂ നിന്നാണ് മരുന്ന് വാങ്ങുന്നത്. ഡോക്ടറെ കാണാൻ കാത്തു നിൽക്കുന്നവർക്ക് ആവശ്യമായ ഇരിപ്പടവും ഇവിടെ പരിമിതം. പ്രാഥമികാരോഗ്യ കേന്ദ്രമെന്ന നിലയിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന ഈ ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി രാവിലെ മുതൽ വൈകീട്ട് വരെ ഡോക്ടറുടെ സേവനവും ലാബ് അടക്കമുള്ള മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയാൽ മലയോര ഉൾനാടൻ പ്രദേശത്തുകാർക്ക് ഏറെ ഉപകാരപ്രദമാകും.

1980ൽ ആരംഭിച്ച ആശുപത്രി

1.13 ഏക്കർ സ്ഥലം സ്വന്തമായുണ്ട്

ലാബുകൾ കിലോമീറ്റർ അകലെ

1. ലാബ് അടക്കമുള്ള പരിശോധനാ സൗകര്യങ്ങൾ ഇവിടെ ലഭ്യമല്ല

2. പരിശോധനയ്ക്ക് മാതമംഗലത്തെത്തണം

3. ഉച്ചക്ക് ശേഷം ഡോക്ടറുടെ സേവനം കിട്ടില്ല

4. ഫാർമസി പ്രവർത്തനം പുറത്തെ കെട്ടിടത്തിൽ

5. ഒ.പിയിൽ ആവശ്യത്തിന് ഇരിപ്പിടമില്ല