കണ്ണൂർ: ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ പരിഷ്‌കാരങ്ങൾക്കെതിരെ വ്യാപക പരാതിയുമായി ഡ്രൈവിംഗ് സ്‌കൂളുകളും ഇൻസ്ട്രക്ടർമാരും.സർക്കാർ ഉത്തരവ് പ്രകാരം നിലവിലുള്ള പരിഷ്‌കാരങ്ങൾ
ക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ഡ്രൈവിംഗ് സ്‌കൂളുകാരുടെ ചുമതലയാണ്. എന്നാൽ ഗ്രൗണ്ട് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കാതെ പരിഷ്‌ക്കാരം അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഡ്രൈവിംഗ് സ്കൂൾ അധികൃതരുടെ നിലപാട്.
സംസ്ഥാനത്ത് 86 ഇടങ്ങളിലാണ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളുള്ളത്. ഇതിൽ ഒമ്പതിടത്ത് മാത്രമാണ് സർക്കാർ സംവിധാനമുള്ളത്. കണ്ണൂർ ജില്ലയിൽ തോട്ടടയിലും തളിപ്പറമ്പും മാത്രമാണ് ടെസ്റ്റിംഗ് കേന്ദ്രമുള്ളത്. തളിപ്പറമ്പിൽ ആറുകോടി ചെലവിട്ട് ലോകോത്തര കംപ്യൂട്ടറൈസ്ഡ് ടെസ്റ്റിംഗ് സംവിധാനം ഒരുക്കിയെങ്കിലും പ്രവർത്തന സജ്ജമല്ല.
ആധൂനിക ടെസ്റ്റ് ഗ്രൗണ്ട് സംവിധാനങ്ങളില്ലാത്തിടങ്ങളിൽ ഡ്രൈവിംഗ് സംവിധാനം ഒരുക്കണമെന്നാണ് മന്ത്രി പറയുന്നത്. വലിയ സാമ്പത്തിക ബാദ്ധ്യത വരുന്നതിനാൽ ഇത് അംഗീകരിക്കാനാവില്ലെന്നും ഡ്രൈവിംഗ് സ്കൂൾ അധികൃതർ പറഞ്ഞു. ടെസ്റ്റുകളുടെ എണ്ണം അറുപതിൽ നിന്ന് 30 ആക്കി വെട്ടിച്ചുരുക്കിയതും വലിയ പ്രശ്നങ്ങൾക്കിയെന്നും ആക്ഷേപമുണ്ട്.
ലൈസൻസ് ലഭിക്കുന്നതിലെ കാലതാമസം അപേക്ഷകരെ അന്യസംസ്ഥാന ലൈസൻസ് മാഫിയകളിലേക്കാണ് എത്തിക്കുകയെന്നും ഇൻസ്ട്രക്ടർമാർ ചൂണ്ടിക്കാട്ടുന്നു. പുതിയ പാർക്കിംഗ് ചട്ടങ്ങൾ പാലിക്കുന്നതിന് ഡ്രൈവിംഗ് സ്‌കൂളുകൾ വിശാലമായ പരിശീലന ഇടങ്ങളും കണ്ടെത്തേണ്ടതുണ്ട്.
പ്രധാന എതിർപ്പുകൾ
അടിസ്ഥാന സൗകര്യം ഡ്രൈവിംഗ് സ്കൂളുകൾ ഒരുക്കണം
ടെസ്റ്റുകളുടെ എണ്ണം 30 ആക്കി ചുരുക്കിയത്
ലൈസൻസ് ലഭിക്കുന്നിലെ കാലതാമസം
പാർക്കിംഗ് ചട്ടം പാലിക്കാൻ വിശാലമായ ഗ്രൗണ്ട്
കാർ ലൈസൻസിന് 40000 രൂപ ചിലവുവരും
പുതിയ പരിഷ്‌കാരങ്ങൾ
ടാർ ചെയ്‌തോ കോൺക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെയാണ് ലൈസൻസ് ടെസ്റ്റിൽ ഇനിമുതൽ വാഹനം ഓടിയ്‌ക്കേണ്ടത്. ആംഗുലർ പാർക്കിംഗ് (വശം ചെരിഞ്ഞുള്ള പാർക്കിംഗ്), പാരലൽ പാർക്കിംഗ്, സിഗ് സാഗ് ഡ്രൈവിംഗ് (എസ് വളവുപോലെ) കയറ്റത്തു നിർത്തി പിന്നോട്ടുപോകാതെ മുൻപോട്ട് എടുക്കുക തുടങ്ങിയ രീതികളിൽ വിജയിക്കണം. വിത്ത് ഗിയർ വാഹനങ്ങളുടെ ലൈസൻസ് എടുക്കുന്നവർക്കും കാലുകൊണ്ട് ഗിയറുമാറ്റുന്ന ഇരുചക്രവാഹനങ്ങളിലാണ് പരീക്ഷ. ഗിയറും ക്‌ളെച്ചുമില്ലാത്ത ഓട്ടോമാറ്റിക്ക് ഇലക്ട്രിക് വാഹനങ്ങളിൽ പരീക്ഷകൾ നടത്തുവാൻ സാധിക്കില്ല. 15 വർഷം പൂർത്തിയാക്കിയ വാഹനങ്ങളിൽ പരിശീലനം സാധിക്കില്ല.
പരിഷ്‌കാരം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഡ്രൈവിംഗ് സ്‌കൂളുകളെയാണ് . സർക്കാർ തലത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതാണ്.ഇതുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ചെലവ് താങ്ങാൻ ഡ്രൈവിംഗ് സ്‌കൂളുകൾക്ക് സാധിക്കില്ല.മേഖല തന്നെ തകർക്കുന്നതാണ് പുതിയ പരിഷ്കാരംഷാജി അക്കരമ്മൽ ,ജില്ലാ പ്രസിഡന്റ്,കേരള മോട്ടോർ ഡ്രൈവിംഗ് ഇ ൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ