
കാസർകോട്: സ്ഥാനാർത്ഥികൾ കളം നിറഞ്ഞതോടെ കാസർകോട് മണ്ഡലത്തിൽ ത്രികോണ പോരാട്ടം തിളയ്ക്കുകയാണ്. മണ്ഡല പര്യടനത്തിന്റെ ആവേശത്തിലാണ് സ്ഥാനാർത്ഥികൾ. മൂന്നാംവട്ട പര്യടനം പൂർത്തിയാക്കിയ ഇടതു സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണനാണ് പ്രചാരണത്തിൽ മുന്നിൽ. ഇടതു കോട്ടയായിരുന്ന മണ്ഡലത്തെ 35 വർഷത്തിനുശേഷം പിടിച്ചെടുത്ത് 2019ൽ ചരിത്രംക്കുറിച്ച യു.ഡി.എഫിലെ രാജ്മോഹൻ ഉണ്ണിത്താൻ സീറ്റ് നിലനിറുത്താനാണ് അങ്കത്തിനിറങ്ങിയിരിക്കുന്നത്. മോദി ഗ്യാരന്റി ഉറപ്പുനൽകി തുളുനാടൻ കോട്ട പിടിക്കാൻ പുതുമുഖ വനിത സ്ഥാനാർത്ഥിയായ എം.എൽ.അശ്വിനിയെ ഇറക്കിയാണ് എൻ.ഡി.എ പോരാട്ടം കടുപ്പിക്കുന്നത്. മൂന്നു മുന്നണി സ്ഥാനാർത്ഥികളും നയം വ്യക്തമാക്കുന്നു.
ഭൂരിപക്ഷം ഇരട്ടിയാകും: രാജ്മോഹൻ ഉണ്ണിത്താൻ
മത്സരിക്കുന്നത് ആരോടായാലും ജനങ്ങൾ എനിക്ക് വോട്ടുചെയ്യും. അഞ്ചുവർഷം ജനപക്ഷത്തു നിന്നുകൊണ്ട് അവരിൽ ഒരാളായി മാറി. വോട്ടർമാരുടെ സുഖങ്ങളിലും ദുഃഖങ്ങളിലും സന്തോഷങ്ങളിലും ഞാനുണ്ടായിട്ടുണ്ട്. എന്നെക്കുറിച്ച് മണ്ഡലത്തിലെ ജനങ്ങളോട് പറഞ്ഞു ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല. ഇത്തവണയും നൂറുശതമാനം വിജയം ഉറപ്പാണ്. ആത്മവിശ്വാസം പതിന്മടങ്ങാണ്. 2019ൽ 40,438 വോട്ടിന് ഞാൻ ജയിച്ചു. യു.ഡി.എഫ് വോട്ടുകൾ മാത്രമല്ല തനിക്ക് ലഭിച്ചത്. കല്യാശേരിയിലും പയ്യന്നൂരിലും ഉദുമയിലും തൃക്കരിപ്പൂരിലും സി.പി.എം വോട്ടുകൾ കുറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ തോറ്റ ഉദുമയിൽ 9,000 വോട്ടിന്റെ ലീഡ് ഉണ്ടാക്കി. ഇത്തവണ ഭൂരിപക്ഷം കൂടും. സാഹചര്യങ്ങൾ എല്ലാം അനുകൂലമാണ്. കേന്ദ്രത്തിൽ 'ഇന്ത്യ" മുന്നണിയെ അധികാരത്തിൽ എത്തിക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണിത്. അഞ്ചുവർഷംകൊണ്ട് മണ്ഡലത്തിൽ വികസനരംഗത്ത് കുതിച്ചുചാട്ടം ഉണ്ടായി. റെയിൽവേ വികസന പദ്ധതികളും ദേശീയപാത പുനർനിർമ്മാണവും അതിലുൾപ്പെടും. നിരവധി ട്രെയിനുകൾക്ക് പുതുതായി സ്റ്റോപ്പ് അനുവദിച്ചു.
കൈത്തെറ്റ് തിരുത്തും: എം.വി. ബാലകൃഷ്ണൻ
വയനാട്ടിൽ മത്സരിച്ച രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രചാരണ പുകമറയും ശബരിമല വിഷയവും കാസർകോട് മണ്ഡലത്തിലും യു.ഡി.എഫിനെ ചെറിയ വോട്ടിന് ജയിപ്പിച്ചു. അതൊരു കൈത്തെറ്റായിരുന്നു. അതിൽ വോട്ടർമാർ നിരാശരാണ്. തെറ്റ് തിരുത്താനുള്ള പരിശ്രമത്തിലാണ് അവർ. ഈ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. കഴിഞ്ഞ അഞ്ചുവർഷം വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കാത്ത മണ്ഡലമാണ് കാസർകോട്. വൻകിട റെയിൽവേ പദ്ധതികൾ ഒന്നും വന്നില്ല. നേരത്തെ തുടങ്ങിവച്ച റെയിൽവേ ഓവർ ബ്രിഡ്ജുകൾ സ്വന്തം അക്കൗണ്ടിൽ ചേർത്തു. 40 ശതമാനം എം.പി ഫണ്ട് മാത്രമാണ് ചെലവഴിച്ചത്. എൻഡോസൾഫാൻ ദുരിതബാധിതർക്കായി ഒന്നും ചെയ്തില്ല. ആകെ ഉണ്ടായത് എം.പിയുടെ ഫോട്ടോ വച്ച ഹൈമാസ് ലൈറ്റുകൾ മാത്രം. സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളാണ് മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയത്. 'ഇന്ത്യ" മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എറിയും.
മോദി ഗ്യാരന്റി നടപ്പാക്കും: എം.എൽ.അശ്വിനി
എൻ.ഡി.എ എം.പി ഇല്ലാത്തതുകൊണ്ടാണ് മണ്ഡലത്തിൽ വികസനം വരാത്തതിനുകാരണം. ജയിച്ചാൽ കാസർകോട് എയിംസും കേന്ദ്ര സർവകലാശാലയോട് അനുബന്ധിച്ച് മെഡിക്കൽ കോളേജും സ്ഥാപിക്കുന്നതിന് പരിശ്രമിക്കും. ആരോഗ്യ, വിദ്യാഭ്യാസ, വികസന മേഖലകളിൽ വടക്കൻ കേരളം പിറകോട്ട് പോയതിന് ഉത്തരവാദികൾ എം.പിയും സംസ്ഥാന സർക്കാരുമാണ്. പത്തുവർഷം നരേന്ദ്രമോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കിയ വികസന പദ്ധതികൾ വലിയ മാറ്റങ്ങളുണ്ടാക്കി. ദേശീയപാത നിർമ്മാണം കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് നടക്കുന്നത്. ഗതാഗത രംഗത്ത് അത് വലിയ മാറ്റമുണ്ടാക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനു വേണ്ടിയുള്ള പദ്ധതികൾ, കർഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികൾ, പാവപ്പെട്ടവർക്ക് ധനസഹായം നൽകൽ, സ്വച്ച് ഭാരത് അഭിയാൻ അടക്കമുള്ള പദ്ധതികൾ കേന്ദ്രം നടപ്പിലാക്കി. കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ പദ്ധതികൾ നടപ്പിലാക്കി. ഇവിടെ രണ്ടു മുന്നണികളും വാചക കസർത്ത് മാത്രമാണ് നടത്തുന്നത്. മോദി ഗ്യാരന്റി കാസർകോട്ടും ഉണ്ടാകും എന്നതാണ് എന്റെ ഉറപ്പ്.