pathmaja

കണ്ണൂർ:കണ്ണൂർ പാർലമെന്റ് മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്

മേലെ ചൊവ്വയിൽ പത്മജ വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു.ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, കണ്ണൂർ പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി രഘുനാഥ്, കെ രജ്ഞിത്, കെ.കെ.വിനോദ് കുമാർ, ദേശീയ കൗൺസിൽ അംഗം പി.കെ.വേലായുധൻ ബി.ഡി.ജെ.എസ് നേതാക്കളായ ശ്രീധരൻ കാരാട്ട്, കെ.കെ.സോമൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു, ഏളക്കുഴി.എം.ആർ. സുരേഷ് എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ് ഘടകകക്ഷികൾക്ക് മുന്നിലെ ഏറാൻമൂളിയെന്ന് പത്മജ

'സങ്കടം കേൾക്കാൻ പോലും അവിടെ ആളില്ല"

കണ്ണൂർ:കോൺഗ്രസിന് ശക്തിയുണ്ടായിരുന്നുവെങ്കിൽ ഘടകകക്ഷികൾക്ക് മുൻപിൽ ഏറാൻമൂളികളായി നിൽക്കുമായിരുന്നില്ലെന്ന് പത്മജ വേണുഗോപാൽ.ഘടക കക്ഷികൾ പറയുന്നതെല്ലാം സമ്മതിച്ചു കൊടുക്കലാണ് പണി.

കെ.കരുണാകരൻ ഉണ്ടായിരുന്ന കാലത്ത് കോൺഗ്രസായിരുന്നു യു.ഡി.എഫിലെ അവസാനവാക്ക്.തന്റെ വീട്ടിലാണ് യു.ഡി.എഫ് യോഗം ചേർന്നിരുന്നത്. ഇപ്പോൾ എ.ഐ.സി.സി ആസ്ഥാനം തന്നെ അടച്ചുപൂട്ടലിന്റെ അവസ്ഥയിലാണ്. ആ കപ്പൽ മുങ്ങി കൊണ്ടിരിക്കുകയാണ്. 60 വർഷം ഭരിച്ചിട്ടും സ്വന്തമായി ഒരു ഓഫീസ് പോലും ഉണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. വാടക കെട്ടിടം ഉടമ പറഞ്ഞാൽ ഒഴിഞ്ഞു കൊടുക്കേണ്ടി വരും.

കഴിഞ്ഞ രണ്ടു വർഷമായി ‌ഡൽഹിയിൽ പോയി നേതാക്കളെ കാണാൻ ശ്രമിച്ചിട്ടും ആരെയും കാണാൻ കഴിഞ്ഞില്ല. ഒന്നു സങ്കടം പറയാൻ പോലും ആളില്ലാത്ത അവസ്ഥയാണ് കോൺഗ്രസിലുള്ളത്. സോണിയ ഗാന്ധി പറയും അവർക്ക് വയ്യ,​ ആരെയും കാണുന്നില്ലെന്ന്. രാഹുൽ ഗാന്ധി സ്ഥലത്തുണ്ടാവാറില്ല, പിന്നെ കേരളത്തിൽ നിന്നുള്ള നേതാവിന്റെ മുൻപിലാണ് ഏറാൻമൂളിയായി നിൽക്കേണ്ടത് - പത്മജ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളും സ്ത്രീകളോട് കാണിക്കുന്ന ബഹുമാനവുമാണ് താൻ ബി.ജെ.പിയിലേക്ക് വരാൻ കാരണമായതെന്നും പത്മജ പറഞ്ഞു. ഇന്നത്തെ നേതാക്കളെ കൊണ്ട് കോൺഗ്രസിനെ രക്ഷിക്കാൻ സാധിക്കില്ലെന്നും അവർ അഭിപ്രായപ്പെട്ടു.