തേൻ തേടി പക്ഷികളും പൂമ്പാറ്റകളും
പിലാത്തറ: വേനൽ ചൂടിൽ നാടും കാടും മേടും വെന്തുരുകുമ്പോൾ, നാട്ടിൻ പുറങ്ങളിൽ കണ്ണിനു കുളിർമ്മയേകി, പുഞ്ചിരി തൂകി വിരിഞ്ഞു നിൽക്കുകയാണ് വേനൽ പൂക്കൾ. പൂരാഘോഷത്തിന് ഹൈന്ദവഗൃഹങ്ങളിലും കാവുകളിലും കാമദേവാർച്ചനയ്ക്ക് ഉപയോഗിക്കുന്ന പൂക്കളാണ് മുരിക്ക്, എരിക്ക്, നരയൻ (പുല്ലാനി, ജഡപ്പൂവ്), ചെമ്പകം, തെച്ചി, കുമുദ്, പാല പൂക്കൾ എന്നിവ.
കനത്തചൂടിൽ, മുരിക്കിൻപൂക്കളിലെ തേൻ തേടിയെത്തുന്ന വിവിധയിനം പക്ഷികളും കൗതുകകാഴ്ചയാവുകയാണ്. മുരിക്കു മരങ്ങൾ അത്യപൂർവമായി മാറിയെങ്കിലും നാട്ടിൻപുറങ്ങളിൽ അവശേഷിക്കുന്നവ പൂത്തുലഞ്ഞു നിൽക്കുകയാണ്. റബ്ബർ കൃഷി വ്യാപകമായതോടെയാണ് മുരിക്കു മരങ്ങൾ ഇല്ലാതായത്. തൊഴിലുറപ്പിന്റെ ഭാഗമായി കുറ്റിക്കാടുകൾ ഇല്ലാതായതോടെ നരയൻ ചെടികളും കുറഞ്ഞുതുടങ്ങി.
പൂരത്തിന് പൂക്കൾ തേടി നടക്കുന്ന കുട്ടികൾ കൂടി ഇല്ലാതായെങ്കിലും വേനലിൽ വസന്തമൊരുക്കുന്ന പൂക്കൾ തേടി നിരവധി വിരുന്നുകാർ ഇപ്പോഴുമെത്തുന്നുണ്ട്. നടുവിൽ പടിഞ്ഞാറ് കൃഷിയിടത്തിലെ മുരിക്കു മരവും അതിൽ പടർന്നു കയറി പൂവിട്ടു നിൽക്കുന്ന നരയൻ പൂവും തേടി ധാരാളം പക്ഷികളാണെത്തുന്നത്.