നീലേശ്വരം: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മടിക്കൈ പഞ്ചായത്തിൽ ഒന്നാം പിണറായി സർക്കാർ അനുവദിച്ച ആയിരം കോടി രൂപയുടെ മാംസ സംസ്കരണ പരിശീലന കോളേജ് പ്രഖ്യാപനത്തിൽ ഒതുങ്ങി. പ്രത്യക്ഷത്തിലും പരോക്ഷമായും ആയിരങ്ങൾക്ക് തൊഴിൽ ലഭ്യമാകുന്ന വ്യവസായാധിഷ്ഠിത പഠന ഗവേഷണ കേന്ദ്രമായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും കെടുകാര്യസ്ഥതയാണ് മാംസ സംസ്കരണ പരിശീലന കോളേജ് പ്രഖ്യാപനത്തിൽ ഒതുങ്ങാൻ കാരണമെന്ന് ആരോപണമുണ്ട്.
ഈ കോളേജ് യാഥാർത്ഥ്യമായിരുന്നുവെങ്കിൽ ഇന്ത്യയിലേ തന്നെ ആദ്യത്തെ മാംസ സംസ്കരണ പരിശീലന കോളേജായി മാറുമായിരുന്നു. പത്തു കോടി രൂപ കോളേജിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് അനുവദിക്കുകയും ഇതിന്റെ നടത്തിപ്പിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെയും മറ്റും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഈ കമ്മറ്റി ഒന്നു രണ്ടു തവണ യോഗം ചേർന്നിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായില്ല. ഇതിനിടയിൽ ഈ പദ്ധതി കേരളത്തിൽ പ്രായോഗികമല്ലെന്ന് ഉദ്യോഗസ്ഥ ലോബി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചതായി സംസാരം ഉണ്ടായിരുന്നു. മടിക്കൈക്കൊപ്പം വടക്കെ മലബാറിന്റെ വ്യവസായിക വിദ്യാഭ്യാസ വികസനമായിരുന്നു മാംസ സംസ്കരണ പരിശീലന കോളേജ് കൊണ്ട് ഉദ്ദേശിച്ചിരുന്നത്.
വരുമാനം കണക്കുകൂട്ടി തെറ്റി
മാംസം സംസ്കരിച്ച് ശീതീകരിച്ച് വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നതിലൂടെ സാധാരണക്കാരിൽ തുടങ്ങി അഭ്യസ്ത വിദ്യരായ ഒട്ടനവധി പേർക്ക് തൊഴിൽ ലഭിക്കുന്നതിനോടൊപ്പം മടിക്കൈയിലേയും സമീപപ്രദേശങ്ങളിലേയും നിരവധി കുടുംബങ്ങൾക്ക് മറ്റു പലതരത്തിലും വരുമാനവും ലഭിക്കുമായിരുന്നു. കയറ്റുമതി കണ്ണൂർ വിമാനത്താവളത്തിന് ഉൾപ്പെടെ ഇതിന്റെ സാമ്പത്തികലാഭവും ഉണ്ടാകുമായിരുന്നു.
എം.എൽ.എയുടെ പ്രയത്നം
അന്ന് റവന്യൂ മന്ത്രിയും മണ്ഡലം എം.എൽ.എയുമായിരുന്ന ഇ.ചന്ദ്രശേഖരനാണ് പദ്ധതിക്കായി ഏറെ പ്രയത്നിച്ചത്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇടതുമുന്നണിയുടെ വോട്ട് ബാങ്ക് ആയതിനാലാണ് ഈ വൻ പ്രോജക്ട് മടിക്കൈക്ക് നൽകിയത്.
20 ഏക്കർ റവന്യൂ ഭൂമി മൃഗസംരക്ഷണ വകുപ്പിന് കൈമാറിയിട്ടും ഒന്നും നടന്നില്ല
കോഴി ഹാച്ചറി യൂണിറ്റും നിലംതൊട്ടില്ല
മടിക്കൈക്ക് നാല് കോടി രൂപ മുതൽ മുടക്കിൽ കോഴി വളർത്താനായി ഹാച്ചറി യൂണിറ്റ് അനുവദിച്ചെങ്കിലും ആ പ്രഖ്യാപനത്തിനും അല്പായുസ്സ് മാത്രമായിരുന്നു. മടിക്കൈ ഏരിപ്പിൽ കൊരങ്ങനാടിയിൽ അഞ്ചേക്കർ പത്ത് സെന്റ് സ്ഥലം ഹാച്ചറി യൂണിറ്റ് തുടങ്ങാനായി റവന്യൂവകുപ്പ് പോൾട്രി കോർപ്പറേഷന് കൈമാറിയിട്ടും ഒരു കാര്യവും ഉണ്ടായില്ല. ലക്ഷക്കണക്കിന് കോഴികുഞ്ഞുങ്ങളെ ഈ യൂണിറ്റിൽ വിരിയിക്കുകയാണ് ലക്ഷ്യമിട്ടിരുന്നത്. തദ്ദേശീയരായ 300 ഓളം പേർക്ക് തുടക്കത്തിൽ ജോലി ലഭിക്കുമെന്നും തുടർന്ന് സംസ്‌ക്കരണം ഉൾപ്പെടെ ആരംഭിച്ചാൽ കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിയുമെന്നാണ് അധികൃതർ പറഞ്ഞത്.