മാഹി: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നെങ്കിലും വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വരാത്തത് തെന്നിന്ത്യയിലെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ പ്രചാരണ രംഗത്ത് മന്ദത. എന്നാൽ അടുത്തദിവസങ്ങളിൽ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചൂടേറും. ആദ്യഘട്ടമായ ഏപ്രിൽ 19നാണ് പുതുച്ചേരിയിൽ വോട്ടിംഗ്.
ബി.ജെ.പി സഖ്യം ഭരിക്കുന്ന തെക്കെ ഇന്ത്യയിലെ ഏക സംസ്ഥാന പദവിയുള്ള കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ഏക ലോക്‌സഭാ സീറ്റ് നേടുക എന്നത് ബി.ജെ.പിക്ക് അഭിമാന പ്രശ്നമാണ്. നിലവിൽ കോൺഗ്രസ്സിലെ വി. വൈത്തിലിംഗമാണ് അംഗം. ഈ തിരഞ്ഞെടുപ്പിലും വൈത്തിലിംഗം തന്നെയാകും കോൺഗ്രസ്സ് സ്ഥാനാർത്ഥി. പ്രാദേശിക പാർട്ടിയായ എൻ.ആർ കോൺഗ്രസ്സും ബി.ജെ.പിയുമാണ് സംസ്ഥാന ഭരണത്തിൽ. എൻ.ആർ കോൺഗ്രസ്സിനാണ് കൂടുതൽ എം.എൽ.എമാരുള്ളതെങ്കിലും, ബി.ജെ.പിക്ക് സീറ്റ് നൽകാൻ എൻ.ആർ കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രിയുമായ എൻ. രംഗസാമി സമ്മതമറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, പുതുച്ചേരിയിൽ സ്വാധീനമുള്ള എ.ഐ.ഡി.എം.കെ, എൻ.ഡി.എ കൂട്ടുകെട്ടിൽ മത്സരിച്ചെങ്കിലും ഒരംഗത്തെ പോലും ജയിപ്പിക്കാനായില്ല. ഇപ്പോൾ എ.ഐ.ഡി.എം.കെ, എൻ.ഡി.എ മുന്നണി വിട്ടു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ഇന്ത്യ സഖ്യത്തോടൊപ്പം നിൽക്കാനാണ് സാധ്യത.
സ്ഥാനാർത്ഥികളെ കാത്ത്
ബി.ജെ.പി ദേശീയ നേതാക്കളാകും മത്സര രംഗത്തെന്നാണ് സൂചന. തെലുങ്കാന ഗവർണ്ണറും പുതുച്ചേരി ലെഫ്. ഗവർണ്ണറുമായ ഡോ. തമിളിശൈ സൗന്ദര രാജന്റെ പേര് നേരത്തെ പ്രചരിച്ചിരുന്നെങ്കിലും കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന്റെ പേരാണ് ഇപ്പോൾ പ്രചരിക്കുന്നത്. അതേ സമയം, പുതുച്ചേരി ലോക്‌സഭയുടെ ഭാഗമായ മാഹിയിൽ നിന്ന് ഇടതു പക്ഷത്തിന് പ്രത്യേകം സ്ഥാനാർത്ഥി മത്സരിച്ചേക്കും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പിന്തുടരുന്ന മാഹിയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കായി, സി.പി.എം പ്രവർത്തിക്കുന്നത്, വടകരയിലെയും കണ്ണൂരിലേയും സി.പി.എം സ്ഥാനാർത്ഥികൾക്ക് ദോഷം ചെയ്യുമെന്ന് വിലയിരുത്തലിലാണിത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ സി.പി.എം, കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയപ്പോൾ കമലഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി സ്ഥാനാർത്ഥിക്കായിരുന്നു മാഹിയിൽ സി.പി.എം പിന്തുണ
2019 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം 1,97,025
മത്സരരംഗത്തുണ്ടായത് 18 പേർ