reeth
കെ.സി സലിം ഡിവൈഡറിൽ റീത്ത് വച്ച് പ്രതിഷേധിക്കുന്നു

പാപ്പിനിശ്ശേരി: വേളാപുരം മുതൽ മേലെ ചൊവ്വ വരെയുള്ള ദേശീയപാത റോഡ് റീ ടാറിംഗ് ചെയ്യാത്തതിലും പൊട്ടിപ്പൊളിഞ്ഞ ഡിവൈഡറുകൾ ശരിയാക്കാത്തതിലും വളപട്ടണത്തെ കെ.സി സലിം ഒറ്റയാൾ പ്രതിഷേധം നടത്തി. ഡിവൈഡറിൽ റീത്ത് വച്ചാണ് അദ്ദേഹം പ്രതിഷേധിച്ചത്. സൗകര്യം കുറഞ്ഞതും ഇടുങ്ങിയതുമായ ഈ റോഡിൽ ആളുകൾ തെന്നി വീഴുന്നതും രാത്രി കാലങ്ങളിൽ ഡിവൈഡറുകളിൽ വാഹനങ്ങൾ കയറി അപകടത്തിൽപെടുന്നതും നിത്യ സംഭവമാണ്. പല തവണ വാർത്തയാക്കിയിട്ടും പരാതി കൊടുത്തിട്ടും നടപടി എടുക്കാൻ തയ്യാറാകാത്ത അധികാരികളുടെ കണ്ണ് തുറക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പ്രതിഷേധിച്ചതെന്ന് കെ.സി സലിം പറഞ്ഞു. നാഷണൽ ഹൈവേ അതോറിറ്റിയുടെ കീഴിലുള്ള എൻ.എച്ച്. 66ന്റെ ഭാഗമായുള്ള ഈ റോഡുകളിൽ, കേന്ദ്ര സർക്കാറാണ് അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.