photo-1-
ടി .പത്മനാഭനോടൊപ്പം

കണ്ണൂർ: റോഡ് ഷോയും മണ്ഡലപര്യടനവുമായി കളം നിറഞ്ഞ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ. അറക്കൽ രാജ കുടുംബത്തിന്റെ നാൽപ്പതാമത് സുൽത്താനായ ആദിരാജ ഹമീദ് ഹുസൈൻ കോയമ്മയെ സന്ദർശിച്ച് കൊണ്ടായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ഇന്നലെ അഴീക്കോട് മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്. തുടർന്ന് പള്ളിക്കുന്ന് ശ്രീപുരം സെന്റ് മേരി ചർച്ച് സന്ദർശിച്ചു. ഞായറാഴ്ച കുർബാന കൂടാനെത്തിയ വിശ്വാസികളെയും ഇടവക വികാരിയേയും നേരിൽകണ്ട് വോട്ടഭ്യർത്ഥിച്ച് പിന്തുണതേടി. ശേഷം പൊടിക്കുണ്ട് ഭാഗത്ത് എത്തിയ കെ. സുധാകരൻ സാഹിത്യ കുലപതി ടി. പത്മനാഭനെ സന്ദർശിച്ചു.

കണ്ണാടിപ്പറമ്പ് പള്ളേരിമാപ്പിള എൽ.പി സ്‌കൂൾ അങ്കണത്തിൽ നടന്ന കുടുംബ സംഗമത്തിലും കെ. സുധാകരൻ പങ്കെടുത്തു. കളരി വാതുക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ചിറക്കൽ കോവിലകത്തെത്തി കേരള വർമ്മ ചിറക്കൽ തമ്പുരാനേയും വളപ്പട്ടണം ഖാളി സയ്യിദ് അഹമ്മദ് ജലാലുദ്ധീൻ ബുഖാരിയേയും സന്ദർശിച്ച് അനുഗ്രഹം വാങ്ങി. കടപ്പുറം മേഖലയായ അഴീക്കലും പര്യടനം നടത്തി. അഴീക്കൽ വല നിർമ്മാണ ഫാക്ടറിയിലെത്തി തെഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. ശേഷം ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോയും നടന്നു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. കരീം ചേലേരിയും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു. അഴീക്കൽ അശോക മന്ദിരത്തിൽ നടന്ന റോഡ് ഷോയുടെ സമാപനയോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു.