കണ്ണൂർ: വേനലിലും തളരാതെ പ്രവർത്തകരോടൊപ്പം നഗര, മലയോര മേഖലകളിൽ പ്രചാരണം നടത്തി കണ്ണൂർ ലോക്‌സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥ്. അതിരാവിലെ ആരംഭിച്ച പര്യടനം രാത്രി വൈകി അവസാനിപ്പിക്കുമ്പോഴും സ്ഥാനാർത്ഥിയും പ്രവർത്തകരും തികഞ്ഞ ആവേശത്തിലും ആത്മവിശ്വാസത്തിലും ആയിരുന്നു. പ്രചാരണം നടത്തിയ സ്ഥലങ്ങളിലെല്ലാം നൂറുകണക്കിനാളുകളാണ് സ്ഥാനാർത്ഥിയെ ആരവത്തോടെ സ്വീകരിച്ചത്. ഇന്നലെ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതോടൊപ്പം ഒന്നിലധികം ക്ഷേത്രങ്ങളിൽ ദർശനം നടത്തി. പയ്യാവൂർ ചാമക്കാൽ മഹാദേവക്ഷേത്ര പൊങ്കാല സമർപ്പണത്തിലും പാനുണ്ട മഹാദേവ ക്ഷേത്രത്തിലും പോയ രഘുനാഥ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ അർച്ചകൻ കെ.എൻ. സുബ്രഹ്മണ്യ അഡിഗയെയും സന്ദർശിച്ചു.
പയ്യാവൂർ, ഇല്ലംമൂല, കൂടാളി, തില്ലങ്കേരി, മാങ്ങാട്ടിടം, ആമ്പിലാട്, വട്ടിപ്രം തുടങ്ങിയ പ്രദേശങ്ങളിലാണ് അദ്ദേഹം ഇന്നലെ പര്യടനം നടത്തിയത്. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.ആർ. സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് രാജൻ പുതുക്കുടി, ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് സഞ്ജു കൃഷ്ണകുമാർ തുടങ്ങിയ നേതാക്കളും സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.