toger
കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് കരിയാംകാപ്പിൽ കടുവ നിലയുറപ്പിച്ച റബ്ബർ തോട്ടത്തിനടുത്ത് തിരച്ചിൽ നടത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ

രാത്രി വൈകി ദൗത്യം ഉപേക്ഷിച്ചു, ഇന്നു രാവിലെ തുടരും


കേളകം: കേളകം പഞ്ചായത്തിലെ അടക്കാത്തോട് മേഖലയിൽ ജനവാസ മേഖലയിൽ കണ്ട കടുവയെ മയക്കു വെടിവയ്ക്കാൻ ഇന്നലെ ഉത്തരവിട്ടെങ്കിലും രാത്രി വൈകിയും ദൗത്യം വിജയിക്കാത്തതിനാൽ ഉപേക്ഷിച്ചു. ദൗത്യം ഇന്നുരാവിലെ തുടരുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ രണ്ടു ദിവസമായി മേഖലയിലെ വിവിധ ഇടങ്ങളിൽ കണ്ട കടുവയെ ഇന്നലെ വീണ്ടും നാരങ്ങാത്തട്ടിലാണ് കണ്ടത്. ശനിയാഴ്ച ഉച്ചയോടെ അടക്കാത്തോട് കരിയംകാപ്പിൽ കടുവയെ കണ്ടതിന്റെ ഭീതിയൊഴിയും മുമ്പാണ് തൊട്ടടുത്ത പ്രദേശമായ നാരങ്ങാത്തട്ടിലും കടുവയെ കണ്ടത്.
കരിയംകാപ്പിൽ വനംവകുപ്പ് കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ വനപാലകരും പ്രദേശവാസിയായ വെണ്മണിക്കട്ടയിൽ ജോസും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് നാരങ്ങാത്തട്ടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തോട്ടിലെ വെള്ളത്തിൽ കിടക്കുകയായിരുന്ന കടുവയെ കണ്ടത്. വനപാലകരുടെ കാൽപ്പെരുമാറ്റം കേട്ട് എഴുന്നേറ്റ് നടന്നു പോകുന്ന കടുവയെ കണ്ട ജോസ് ഉടൻ തന്നെ അവരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. അല്പദൂരം നടന്ന കടുവ വീണ്ടും തോട്ടിൽ തന്നെ നിലയുറപ്പിച്ചു.

വിവരം അറിഞ്ഞ് കണ്ണൂർ ഡി.എഫ്.ഒ എസ്. വൈശാഖിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും സ്ഥലത്തെത്തി കടുവയെ പിടികൂടാനുള്ള തയാറെടുപ്പുകൾ തുടങ്ങി.

ജനവാസ മേഖലയിൽ കടുവ എത്തിയതറിഞ്ഞ് സണ്ണി ജോസഫ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, മറ്റ് ജനപ്രതിനിധികൾ എന്നിവർക്ക് പുറമേ പൊലീസും റേഞ്ച് ഓഫീസർമാരും ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരും മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും സ്ഥലത്തെത്തിയിരുന്നു.

ദൗത്യം തുടങ്ങിയത് വൈകുന്നേരം 5.30ന്

കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനായി വയനാട് വൈത്തിരിയിലെ വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകുന്നേരം 5.30 ഓടെ സ്ഥലത്തെത്തിയെങ്കിലും തോട്ടിലെ കാട്ടിനുളളിൽ ഒളിച്ച കടുവയെ കണ്ടെത്താനായില്ല. തുടർന്ന് വനപാലകർ പലവട്ടം പടക്കം പൊട്ടിച്ചെങ്കിലും രാത്രി 8 മണിയായിട്ടും ദൗത്യം വിജയിച്ചില്ല. ഡി.എഫ്.ഒ ഉൾപ്പെടെയുള്ള വനപാലകർ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

രോഷാകുലരായി നാട്ടുകാർ

രാവിലെ 10.30ന് ജനവാസ മേഖലയിൽ കാണപ്പെട്ട കടുവയെ പിടികൂടുന്നതിന് രാത്രിയായിട്ടും കഴിയാതെ വന്നതോടെ നാട്ടുകാർ രോഷാകുലരായി. വനം വകുപ്പിന്റെ അനാസ്ഥ മൂലമാണ് കടുവയെ പിടികൂടാൻ വൈകുന്നതെന്ന് പറഞ്ഞായിരുന്നു ജനങ്ങൾ പ്രതിഷേധിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി അടക്കാത്തോട് മേഖലയിൽ കടുവ കറങ്ങി നടന്നിട്ടും പിടികൂടാൻ വൈകുന്നതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണം.


ശനിയാഴ്ച ഉച്ചയ്ക്ക് ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ ഞായറാഴ്ച രാത്രിയായിട്ടും കഴിഞ്ഞിട്ടില്ല. വനം വകുപ്പിന്റെ നിരുത്തരവാദപരമായ സമീപനത്തിന്റെ തെളിവാണ് ദൗത്യം വിജയിക്കാതെ പോയത്.

ജൂബിലി ചാക്കോ
ജില്ലാ പഞ്ചായത്ത് അംഗം

ഡി.എഫ്.ഒ എസ്. വൈശാഖിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടി. ടീമും രാത്രി വൈകിയും കടുവയെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ട്. രാത്രി വൈകി കടുവയെ കണ്ടെത്തിയാലും മയക്കുവെടി വയ്ക്കുക അസാദ്ധ്യമാണ്. ഇന്നും ശ്രമം തുടരും

സുധീർ നരോത്ത്, കൊട്ടിയൂർ റേഞ്ചർ