vaidhekam

കണ്ണൂർ: ബി.ജെ.പി നേതാവായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ആരോപണത്തിന് പിന്നാലെ കണ്ണൂരിലെ വൈദേകം റിസോർട്ട് വീണ്ടും വിവാദത്തിലേക്ക്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ആരോപണമാണെങ്കിലും ഇത് സംബന്ധിച്ച് വിശദീകരിക്കേണ്ട അവസ്ഥയിലാണ് ഇ.പിയും സി.പി.എമ്മും.

നേരത്തെ വലിയ രാഷ്ട്രീയ വിവാദം തന്നെ വൈദേകം ഉയർത്തിവിട്ടിരുന്നു.സി.പി.എം-ബി.ജെ.പി എന്നതു പോലെയാണ് നിരാമയ വൈദേകം റിസോർട്ടെന്ന് വി.ഡി.സതീശൻ ആരോപിച്ചു. നിരാമയ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ കമ്പനിയാണോ എന്നറിയില്ലെന്നും നിരാമയ കമ്പനിയുമായുള്ള കരാറിൽ തനിക്ക് ബന്ധമില്ലെന്നും വൈദേകം റിസോർട്ടിൽ അഡ്വൈസർ മാത്രമാണ് താനെന്നുമാണ് ഇ.പി.ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.വി.ഡി.സതീശന്റെ പ്രസ്താവനക്കെതിരെ ഇതിനകം ഇ.പി.ജയരാജൻ രംഗത്തുവന്നിട്ടുണ്ട്.


നടത്തിപ്പ് നിരാമയ റിട്രീറ്റ്സ് കമ്പനിക്ക്

കഴിഞ്ഞ വർഷം ഏപ്രിൽ 15 നാണ് ഒപ്പുവെച്ചത്.ഇ.പി.ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള വൈദേകം റിസോർട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ്സ് കമ്പനി ഏറ്റെടുത്തത്. കരാർ പ്രകാരം ഏപ്രിൽ 16 മുതൽ റിസോർട്ടിന്റെ നടത്തിപ്പ് അവകാശം പൂർണമായും നിരാമയ റീട്രീറ്റ്സിനാണ്.കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റർ ക്യാപിറ്റൽസിന്റെ നിയന്ത്രണത്തിലാണ് നിരാമയ റിട്രീറ്റ്സ് പ്രവർത്തിക്കുന്നത്.. ജയരാജന്റെ കുടുംബത്തിന് ഓഹരിയുള്ള കണ്ണൂർ ആയുർവേദിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും റിസോർട്ടും ആയുർവേദ ആശുപത്രിയും ഉൾപ്പെടുന്ന സ്ഥാപനമാണ് ഈ കമ്പനിക്ക് കൈമാറ്റം ചെയ്തത്.ജയരാജന്റെ ഭാര്യക്ക് 80 ലക്ഷത്തിനടുത്തും മകൻ പി.കെ.ജയ്സണിന് 10 ലക്ഷത്തോളം രൂപയുടെയും ഷെയറുകൾ വൈദേകത്തിലുണ്ട്. നടത്തിപ്പ് ചുമതല മാറുന്നുണ്ടെങ്കിലും നിലവിലെ ഷെയർ ഹോൾഡേഴ്സ്,​ ഡയറക്ടർമാർ എന്നിവർക്ക് മാറ്റമില്ലെന്നും ഓഹരി പങ്കാളിത്തം തുടരുമെന്നാണ് വ്യവസ്ഥ.


തിരുത്തി തിരുത്തി പാർട്ടി

നേരത്തെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള വിമർശനം ഉയർന്നപ്പോഴാണ് വൈദേകം റിസോർട്ടുമായുള്ള ഇ.പിയുടെ ബന്ധം ചർച്ചയായത്. കണ്ണൂരിൽ നിന്നുള്ള നേതാക്കളായിരുന്നു വിഷയം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ ഉയർത്തിയത്. ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരം എൽ.ഡി.എഫും എൻ.ഡി.എയും ആണെന്നും ബി.ജെ.പിക്ക് മികച്ച സ്ഥാനാർത്ഥികളുണ്ടെന്നുമുള്ള പ്രസ്താവനയിലൂടെ നേരത്തെ പുലിവാലു പിടിച്ച ഇ.പിക്ക് വീണ്ടും റിസോർട്ട് വിവാദം ഉയർന്നത് ഇരട്ടപ്രഹരമായി.മുഖ്യമന്ത്രിയും പിന്നാലെ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനും പ്രസ്താവനയെ തള്ളിപ്പറഞ്ഞത് പാർട്ടിയിൽ ഇ.പിക്ക് ക്ഷീണം ചെയ്തിട്ടുണ്ട്.