ckp

കണ്ണൂർ: കഴിഞ്ഞ ദിവസം കാസർകോട് നടന്ന തെരഞ്ഞെടുപ്പ് പരിപാടിയിൽ ഉദ്ഘാടകയായി എത്തിയ പത്മജയെ അപമാനിച്ചെന്നും അവരോട് തനിക്ക് നീരസമാണെന്നുമുള്ള വാർത്തകൾ മാദ്ധ്യമസൃഷ്ടി മാത്രമാണെന്ന് ബി.ജെ.പി ദേശീയസമിതിയംഗം സി കെ.പത്മനാഭൻ പറഞ്ഞു. കാസർകോട് തെരഞ്ഞെടുപ്പ് പരിപാടി പത്മജ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുമ്പോൾ കസേരയിൽ നിന്ന് എഴുന്നേൽക്കുക പോലും ചെയ്യാതെ തന്റെ പ്രതിഷേധവും നീരസവും വ്യക്തമാക്കിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരള യൂണിവേഴ്‌സിറ്റ് കലോത്സവവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ആത്മഹത്യ ചെയ്ത കണ്ണൂരിലെ നൃത്താദ്ധ്യാപകൻ ഷാജിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് സി കെ.പത്മനാഭൻ ഇക്കാര്യം പറഞ്ഞത്. പരിപാടിയുടെ ഉദ്ഘാടകയായ പത്മജ എത്തുമ്പോൾ താൻ ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിലായിരുന്നു. അവരെ വേദിയിലേക്ക് സ്വീകരിച്ച് ഇരുത്തിയ ശേഷം പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

ഒരു മണിക്കൂറോളം പ്രസംഗിച്ച ക്ഷീണത്താൽ കസാലയിൽ ഇരുന്ന് കുടിക്കാനായി വെള്ളത്തിന് ആവശ്യപ്പെട്ട സമയത്തായിരുന്നു പത്മജ നിലവിളക്ക് കൊളുത്തിയത്. ക്ഷീണം കാരണമാണ് താൻ വിളക്കു കൊളുത്തുന്നിടത്തേക്ക് പോകാതിരുന്നത്. വസ്തുത അറിയാതെ ചില മാദ്ധ്യമങ്ങൾ കുത്തിത്തിരിപ്പുണ്ടാക്കുകയാണ്. രണ്ടു പാർട്ടികളിലായിരിക്കെ തന്നെ പത്മജയുടെ കെ. കരുണാകരനും കുടുംബവുമായും തനിക്ക് അടുത്ത ബന്ധമുണ്ട്. പത്മജയോട് അങ്ങേയറ്റത്തെ ആദരവ് പുലർത്തുന്നയാളാണ് താൻ.പാർട്ടി നിർബന്ധമായും പുലർത്തേണ്ട ചില കാര്യങ്ങൾ പ്രവർത്തകരെ ഓർമ്മപ്പെടുത്തുക മാത്രമാണ് ചെയ്തത്. അത് ചിലർ സംഘടനയെ കുറ്റപ്പെടുത്തുന്നതായി തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സി.കെ. പദ്മനാഭൻ പറഞ്ഞു.