
ഇലക്ഷൻ കട്ട്
തൃക്കരിപ്പൂർ:ഈയിടെ വിട പറഞ്ഞ പുരോഗമന കലാസാഹിത്യസംഘം മുൻ ജില്ലാസെക്രട്ടറി വാസു ചോറോടിന്റെ വീട്ടുകാരുടെ മുന്നിലേക്ക് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എത്തിയത് തീർത്തും അപ്രതീക്ഷിതമായി. യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് ജില്ലയിൽ എത്തിയതിനിടെയാണ് സഹപാഠിയും നാട്ടുകാരനും സുഹൃത്തുമായിരുന്ന പടന്ന എം.ആർ.വി.എച്ച്. എസ്.എസ് പ്രധാനാദ്ധ്യാപകനായിരുന്ന വാസു ചോറോടിന്റെ തടിയൻ കൊവ്വലിലെ വീട്ടിലേക്ക് മുല്ലപ്പള്ളി കടന്നുചെന്നത്.
പൊലിഞ്ഞു പോയ പ്രിയ സുഹൃത്തിന്റെ വീട്ടിലെത്തിയ മുല്ലപ്പള്ളി വികാരാധീനനായിരുന്നു.സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടുള്ള ഓർമ്മകൾ അദ്ദേഹം വീട്ടുകാരുമായി പങ്കുവച്ചു. പഠനകാലത്തെ ജീവിതസാഹചര്യം മൂലമുള്ള കഷ്ടപ്പാടുകൾ,സാഹിത്യ പ്രവർത്തനം, സ്കൂൾ ജീവിതം എല്ലാം മുല്ലപ്പള്ളി ഓർത്തെടുത്തു. വിദ്യാർത്ഥികാലം മുതൽ കലാ സാഹിത്യരംഗത്തും പ്രസംഗകലയിലും വാസു ചോറോടിനുണ്ടായ കഴിവും മുല്ലപ്പള്ളി എടുത്തുപറഞ്ഞു. ഭാര്യ ചന്ദ്രികയും മകൻ സുർജിത്തും മറ്റ് കുടുംബാംഗങ്ങളുമാണ് മുല്ലപ്പള്ളിയെ സ്വീകരിച്ചത്. വാസു ചോറോടിന്റെ വീട്ടിലെ പുസ്തക ശേഖരം കൂടി നോക്കിയ ശേഷമാണ് മുല്ലപ്പള്ളി മടങ്ങിയത്. ദേശീയകർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽസെക്രട്ടറി കെ.വി.ജതീന്ദ്രനും മുല്ലപ്പള്ളിയോടൊപ്പമുണ്ടായിരുന്നു.