പരിയാരം: പരിയാരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം -ബി.ജെ.പി കക്ഷികൾ തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പൊലീസ് സർവകക്ഷിയോഗം വിളിക്കും. ഇന്ന് യോഗം വിളിച്ചതായി പൊലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം എൻ.ഡി.എ സ്ഥാനർത്ഥിയുടെ അഭ്യർത്ഥന നോട്ടീസ് വിതരണം ചെയ്യുന്നത് സി.പി.എം തടഞ്ഞതുമായി ബന്ധപ്പെട്ട് മാവിച്ചേരിയിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. സമ്പർക്കം ചെയ്യുകയായിരുന്ന ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ഹരിദാസ്, ഏരിയ പ്രസിഡന്റ് വി.പി.കുഞ്ഞിരാമൻ എന്നിവരെ സി.പി.എം പഞ്ചായത്ത് മെമ്പർ എം.ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് തടഞ്ഞതെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസും സ്ഥലത്തെത്തിയിരുന്നു. കുറ്റ്യേരി ജംഗ്ഷനിൽ പോസ്റ്ററുകൾ കീറി നശിപ്പിക്കുകയും ചെയ്തതായും പരാതിയുണ്ട്. തിരഞ്ഞെടുപ്പ് പരാജയഭീതി പൂണ്ട സി.പി.എം സംഘം ബോധപൂർവ്വം എൻ.ഡി.എ നേതാക്കളെ തടയുകയും തടസപ്പടുത്തുകയായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. സംഘർഷാവസ്ഥ സൃഷ്ടിച്ച് പ്രവർത്തനം തടസപ്പെടുത്താനാണ് തീരുമാനമെങ്കിൽ എന്തു വില കൊടുത്തും നേരിടുമെന്ന് എൻ.ഡി.എ നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.