kood
ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനായി വനംവകുപ്പ് ഇന്നലെ രണ്ടാമത്തെ കൂട് സ്ഥാപിക്കുന്നു

കേളകം: ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ദൗത്യം ഇന്നലെയും വിജയിച്ചില്ല. അടക്കാത്തോട് കരിയംകാപ്പിലും, നാരങ്ങാത്തട്ടിലും കൺമുന്നിൽ കണ്ട കടുവയെ മയക്കുവെടിവച്ച് പിടികൂടുന്നതിനായി കഴിഞ്ഞ രണ്ടു ദിവസമായി വനംവകുപ്പ് ശ്രമം തുടരുകയാണ്. ഇതോടെ ജനങ്ങൾ കൂടുതൽ ഭീതിയിലായി.

ഞായറാഴ്ച രാത്രിയിൽ നിർത്തിവച്ച ദൗത്യം കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നരോത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 9 മണിയോടെ പുനരാരംഭിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ കടുവയെ കണ്ട പ്രദേശത്തിന് തൊട്ടുതാഴെ ചതുപ്പിൽ കടുവയുടെ കാല്പാടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് വനം വകുപ്പിന്റെയും ആർ.ആർ.ടി സംഘത്തിന്റെയും നേതൃത്വത്തിൽ നാട്ടുകാരേയും ഉൾപ്പെടുത്തി വിവിധ മേഖലകളിൽ ശക്തമായ തെരച്ചിൽ ആരംഭിച്ചു. ഇതിനിടയിൽ കടുവയെ കണ്ടെത്തിയെന്ന് അധികൃതർ വെളിപ്പെടുത്തി. കരിയംകാപ്പ് ചിറക്കുഴി ബാബുവിന്റെ വീടിന് സമീപത്തായാണ് ഇന്നലെ കടുവയെ കണ്ടത്. ഇതിന് തൊട്ടു മുകളിലായാണ് ഞായറാഴ്ച കടുവയെ വനംവകുപ്പ് വളഞ്ഞുവച്ച് കാത്തിരുന്നത്.
കടുവ നിലയുറപ്പിച്ച തോടിന് ഇരുവശത്തും കടുവ രക്ഷപ്പെട്ട് പോകാതിരിക്കാൻ വലയും കെട്ടിയിരുന്നു. എങ്കിലും വനപാലകരുടെ കണ്ണ് വെട്ടിച്ച് കടുവ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ കടുവയെ കണ്ടെത്തിയെങ്കിലും വനപാലകരേയും നാട്ടുകാരേയും കണ്ടതോടെ കടുവ മുകളിലേക്ക് കയറിപ്പോയതിനാൽ
മയക്കുവെടി വയ്ക്കാനായില്ല. വൈകുന്നേരം വരെ ശ്രമം തുടർന്നു. വിവിധ മേഖലകളിലേക്ക് തിരിഞ്ഞ സേനാംഗങ്ങൾ ഓരോ സ്ഥലവും സസൂക്ഷ്മം പരിശോധിച്ചാണ് മുന്നോട്ട് പോയത്.

പുതിയ കൂടും കാമറയും സ്ഥാപിച്ചു

ദൗത്യം വിജയിക്കാത്തതിനെ തുടർന്ന് കടുവയെ പിടികൂടാനായി പൊട്ടനാനി കവലയിൽ വനം വകുപ്പ് മറ്റൊരു കൂടും കാമറയും സ്ഥാപിച്ചു. കടുവ ഇറങ്ങിയ വെള്ളമറ്റം റോയിയുടെ റബർ തോട്ടത്തിലാണ് കൂട് സ്ഥാപിച്ചത്. ആദ്യം കടുവയിറങ്ങിയ ഹമീദ് റാവുത്തർ കോളനിയിൽ കഴിഞ്ഞദിവസം കൂട് സ്ഥാപിച്ചതിന് പുറമേയാണ് ഇന്നലെ വീണ്ടും കൂട് സ്ഥാപിച്ചത്. ഒപ്പം വിവിധ സ്ഥലങ്ങളിലായി നാല് കാമറകളും സ്ഥാപിച്ചു.

വനം വകുപ്പിനെതിരെ പ്രതിഷേധം

അതേസമയം കടുവയെ ഒരാഴ്ച കഴിഞ്ഞിട്ടും പിടികൂടാത്തതിനാൽ നാട്ടുകാർ വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ്. ഉപജീവനമാർഗമായ റബർ ടാപ്പിംഗും, കശുവണ്ടി ശേഖരണവും മുടങ്ങിയിട്ട് നാളുകളായി. പരീക്ഷാക്കാലമായിട്ടും അടക്കാത്തോട് മേഖലയിലെ കുട്ടികൾക്ക് കടുവയെ പേടിച്ച് വേണം സ്കൂളിൽ പോയി വരാനെന്നും ഇത് അവരുടെ പരീക്ഷയെത്തന്നെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.

ജനങ്ങളുടെ ഭീതിയകറ്റുന്നതിനും സുരക്ഷിതത്വത്തിനുമുള്ള പ്രവർത്തനങ്ങളാണ് എം.പി, എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികൾ ഉൾപ്പെടെ രണ്ടു ദിവസമായി നടത്തിക്കൊണ്ടിരിക്കുന്നത്. കടുവയെ പിടികൂടി മേഖലയിൽ നിന്ന് മാറ്റുക എന്നത് മാത്രമാണ് പരിഹാരം.

ലിസി ജോസഫ്, അംഗം
ജില്ലാ പഞ്ചായത്ത്


നിരോധനാജ്ഞ നീട്ടി

അടക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാത്ത സാഹചര്യത്തിൽ നിലവിലെ നിരോധനാജ്ഞ ഇന്ന് വൈകുന്നേരം 4 മണി വരെ നീട്ടി. കേളകം പഞ്ചായത്ത് വാർഡ് 6, അടക്കാത്തോട് ടൗൺ പരിധിയിലാണ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.