roadshow

കാസർകോട്,കണ്ണൂർ,വടകര പാർലിമെന്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളിൽ ഭൂരിഭാഗം പേരും കടുത്ത ചൂടിനെ വകവെക്കാതെ തിരക്കേറിയ പ്രചാരണപരിപാടികളിലായിരുന്നു ഇന്നലെ. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജ ഇന്നലെ പാനൂരും കൂത്തുപറമ്പ് ടൗണിലും ആവേശകരമായ റോഡ് ഷോയിലായിരുന്നു.പാനൂർ നഗരസഭ, മൊകേരി, കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂർ പഞ്ചായത്തുകളിൽ നിന്നുമെത്തിയ നൂറുക്കണക്കിനാളുകളാണ് പാനൂരിലെ റോഡ് ഷോയിൽ അണിനിരന്നത്.

കാസർകോട് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണൻ കാസർകോട് കുറ്റിക്കോൽ പഞ്ചായത്തിലെ വിവിധ ഊരുകളിലായിരുന്നു കൂടുതലും ചിലവിട്ടത്. കുണ്ടംകുഴി പഞ്ചലിംഗേശ്വരക്ഷേത്രം,​ ഏണിയാടി പള്ളി,​ പള്ളത്തിങ്കാൽ ചർച്ച് എന്നിങ്ങനെ മേഖലയിലെ മിക്ക ആരാധനാലയങ്ങളിലും സ്ഥാനാർത്ഥി എത്തി.

കാസർകോട്ടെ ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ കാസർകോട് നിയോജകമണ്ഡലത്തിലെ പര്യടനം മുള്ളേരിയയിൽ റോഡ് ഷോ നടത്തി തുടങ്ങി കിന്നിംഗാർ, മാർപ്പിനടുക്ക, ബദിയടുക്ക, നെല്ലിക്കട്ട, ചെർക്കള, നായന്മാർമൂല, ഉളിയത്തടുക്ക, എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്ക് ശേഷം പര്യടനം മൊഗ്രാൽ പുത്തൂർ അവസാനിച്ചു.

രണ്ട് ദിവസം വിശ്രമത്തിൽ ആയിരുന്ന ലോക്സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി എം.എൽ. അശ്വിനി ഇന്ന് ട്രെയിനുകളിൽ വോട്ട് തേടും.

കണ്ണൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.സുധാകരൻ തന്റെ കലാലയ ഓർമ്മകൾ നിറഞ്ഞ ബ്രണ്ണൻ കോളേജിൽ വോട്ടുതേടിയെത്തി. കെ.എസ് .യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി തുടങ്ങിയവർ ചേർന്ന് മുദ്രാവാക്യം വിളികളോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. പ്രിൻസിപ്പാൾ അടക്കമുള്ള ജീവനക്കാരുമായി ചെറിയൊരു കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ക്യാമ്പസിൽ വിദ്യാർത്ഥികളെയും നേരിൽ കണ്ടു.

കണ്ണൂർ എൻ.ഡി.എ. സ്ഥാനാർത്ഥി സി. രഘുനാഥ് ഇരിക്കൂർ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു പര്യടനം നടത്തിയത്. രാവിലെ മാമാനിക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ നിന്നായിരുന്നു തുടക്കം.വൈകിട്ട് ആലക്കോട് റോഡ് ഷോയ്ക്ക് ശേഷം സമാപിച്ചു.

കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജൻ ഇന്നലെ കണ്ണൂർ എസ്.എൻ കോളേജിലെത്തി വോട്ടഭ്യർത്ഥിച്ചു. രാവിലെ ആറ്റടപ്പ ദിനേശിൽ നിന്ന് തുടങ്ങി തോട്ടട ദിനേശ്, ഐ.ടി.ഐ, വനിത ഐ.ടി.ഐ, പോളി ടെക്നിക് എന്നിവ സന്ദർശിച്ചാണ് എസ്.എൻ കോളേജിൽ എത്തിയത്. ചിന്മയ കോളേജ്, ശബരി ഗാർമെന്റ്സ്, ദിനേശ് ഫുഡ്, ഐ.ഐ.എച്ച്.ടി എന്നിവിടങ്ങളിലും സന്ദർശിച്ചു. കിഴുന്ന ജി സൺസ് സന്ദർശിച്ച ശേഷം മാവിലായി റെയ്ഡ്‌കോ കറി പൗഡർ കേന്ദ്രത്തിലുമെത്തി. വൈകിട്ട് ഏച്ചൂർ കോളനിയും സന്ദശിച്ച ശേഷമാണ് പര്യടനം അവസാനിച്ചത്.