election

റാലികളും റോഡ് ഷോകളും കുറച്ച് പരമാവധി വോട്ടർമാരെ നേരിൽ കാണുന്നു


കണ്ണൂർ: ദീർഘമായ കാലയളവ് പ്രചാരണത്തിന്റെ ആവേശത്തെ ബാധിക്കുമെന്ന ആശങ്കയിൽ റാലികളും റോഡ് ഷോയുമെല്ലാം കുറച്ച് മുന്നണികൾ. ഒരു മാസം സമയം ശേഷിക്കുന്നതിനാൽ നേരിട്ട് വോട്ടർമാരെ കണ്ട് സഹായം തേടുന്നതിനാണ് സ്ഥാനാർത്ഥികൾ ശ്രദ്ധിക്കുന്നത്.

വേനൽചൂടിനൊപ്പം തുടക്കത്തിൽ പ്രചരണം ചൂട് പിടിച്ചിരുന്നെങ്കിലും ഇപ്പോൾ അല്പം അയഞ്ഞ മട്ടാണ്. അവസാനം വരെ ആവേശം നിലനിർത്തുകയെന്നത് ദുഷ്കരമാണ്. സമയം ധാരാളം ഉള്ളതിനാൽ പ്രചാരണ ചെലവും കൂടും. ആദ്യഘട്ടത്തിൽ മുന്നുമുന്നികളും റോഡ് ഷോകൾ ആസൂത്രണം ചെയ്ത സ്ഥാനാർത്ഥികൾ കലാലയങ്ങൾ, തൊഴിൽ കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളിലും കുടുംബ സംഗമങ്ങളിലും കേന്ദ്രീകരിച്ച ഷെഡ്യൂളുകളാണ് തയ്യാറാക്കുന്നത്. ചെറിയ കൂട്ടായ്മകൾ, കൺവൻഷനുകൾ എന്നിവ വഴിയും വോട്ടർമാരെ കാണുന്നുണ്ട്. പൊതു പരിപാടികൾ, ഉത്സവച്ചടങ്ങുകൾ വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും സ്ഥാനാർത്ഥികൾ എത്തുന്നുണ്ട്.

എൽ.ഡി.എഫ് പ്രചാരണം ഒരു മാസം പിന്നിട്ടു

ജില്ലയിൽ ഫെബ്രുവരിയിൽ തന്നെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച എം.വി.ജയരാജൻ പ്രചാരണരംഗത്തിറങ്ങിയിട്ട് ഒരുമാസമായി. ഇതിന് പിന്നാലെ എൻ.ഡി.എ സ്ഥാനാർത്ഥി സി രഘുനാഥും പ്രചാരണം ആരംഭിച്ചിരുന്നു. കൂട്ടത്തിൽ ഏറ്റവുമൊടുവിലാണ് രംഗത്തെത്തിയത് യു.ഡി.എഫ്.സ്ഥാനാർത്ഥി കെ.സുധാകരനാണ്.


തീയിൽ കുരുത്താലും ഈ വെയിൽ....

രാവിലെ പത്തു മുതൽ വൈകുന്നേരം നാലുവരെയുള്ള കൊടുംചൂട് സ്ഥാനാർത്ഥികളുടെ പര്യടനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. പരമാവധി പൊതുപരിപാടികൾ ഒഴിവാക്കി ഗൃഹസന്ദർശനങ്ങളിലും വ്യക്തികളുമായുള്ള മുഖാമുഖങ്ങളിലുമാണ് ഇപ്പോൾ സ്ഥാനാർത്ഥികൾ ശ്രദ്ധിക്കുന്നത്. അന്തരിച്ച നേതാവ് ചടയൻ ഗോവിന്ദന്റെ വീട്, അഴീക്കോട് പകൽവീട് , കുടുംബയോഗങ്ങൾ എന്നിവയിലാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം.വി. ജയരാജൻ ഇന്നലെ പങ്കുചേർന്നത്. അതെ സമയം മണ്ഡലം കൺവൻഷനുകൾ പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു യു.ഡി.എഫ്, എൻ.ഡി.എ. ക്യാമ്പുകൾ.