 
മാതമംഗലം: തനിക്ക് ലഭിച്ച ഭിന്നശേഷി അവാർഡ് തുക ഭിന്നശേഷിക്കാരായ അഞ്ചുപേരുടെ അമ്മമാർക്ക് പകുത്ത് നൽകി ബഷീർ പാണപ്പുഴ. ഈ വർഷത്തെ സംസ്ഥാന സർക്കാറിന്റെ ഭിന്നശേഷി അവാർഡായി തനിക്ക് ലഭിച്ച 25,000 രൂപയാണ് കണ്ണൂർ ജില്ലയിലെ സമൂഹത്തിൽ ഏറെ താഴെനിൽക്കുന്ന കിടപ്പിലും വീൽചെയറിലും ആയ മക്കൾക്ക് പ്രാഥമിക കാര്യങ്ങൾ പോലും ചെയ്തു കൊടുക്കുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ നോക്കി എന്നും വീട്ടുതടങ്കലിൽ കഴിഞ്ഞു കൂടുന്ന അഞ്ച് അമ്മമാരെ കണ്ടെത്തി സമ്മാനിച്ചത്. വനിതാദിനത്തിലാണ് ഇതിന് തുടക്കംകുറിച്ചത്. താൻ അപകടത്തിൽപ്പെട്ട് ഭിന്നശേഷിക്കാരനായി മാറിയപ്പോൾ തീർത്തും കിടപ്പിലായ രണ്ട് വർഷക്കാലം മാതാവ് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ നേരിട്ട് കണ്ടറിഞ്ഞതിൽ നിന്നാണ് ഇത്തരത്തിൽ ജീവിതകാലം മുഴുവനും പ്രായാസപ്പെട്ട് മക്കളെ പരിചരിക്കുന്ന അർഹതയുള്ള അമ്മമാരെ കണ്ടെത്തി ആദരിക്കാൻ തീരുമാനിച്ചതെന്ന് ബഷീർ പറഞ്ഞു. 32 അപേക്ഷകരിൽ എല്ലാവരും അർഹതയുള്ളവരാണെങ്കിലും കൂടുതൽ അർഹതയുള്ള10 പേരിൽ നിന്ന് 5 പേർക്ക് മാത്രമേ സഹായം നൽകാൻ സാധിച്ചിട്ടുള്ളൂ എന്ന വിഷമത്തിലാണ് ബഷീർ. ശാരീരിക അവശതകൾക്കിടയിലും 5 പേരുടെയും വീടുകളിൽ നേരിട്ടെത്തിയാണ് ബഷീർ കാഷ് അവാർഡും മൊമന്റോയും സമ്മാനിച്ചത്.