 
കേളകം: അടക്കാത്തോട് കരിയംകാപ്പിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ വനപാലകർക്ക് നേരെ പാഞ്ഞടുത്തു. ആകാശത്തേക്ക് വെടിയുതിർത്ത് വനപാലകർ രക്ഷപെട്ടു. കടുവയെ കണ്ടെത്തി മയക്കുവെടിവച്ച് പിടികൂടാനുള്ള ഇന്നലത്തെ ശ്രമം രാവിലെ തുടങ്ങി. നേരം പുലർന്ന ശേഷം കരിയംകാപ്പിലെ യക്ഷികോട്ട ഭാഗത്ത് റബർ ടാപ്പിംഗിന് ഇറങ്ങിയ പ്രദേശവാസി ടോമി കടുവയെ നേരിൽ കണ്ടതോടെ വനപാലകരെ വിവരം അറിയിച്ചു. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും
കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല.
നേരത്തെ കടുവയെ പിടികൂടുന്നതിനായി സ്ഥാപിച്ച മൂന്ന് കൂടുകളിൽ ഒരെണ്ണം ഈ ഭാഗത്തേക്ക് എത്തിച്ചു. ശേഷം മറ്റു ഭാഗങ്ങളിൽ തെരയുന്ന ശ്രമവും വനപാലകർ തുടർന്നു. വൈകിട്ട് അഞ്ചുമണിയോടെ മലമുകളിൽ നിന്നും പൈപ്പ് വഴി വരുന്ന വെള്ളം തിരിച്ചു വിടുന്നതിനായി യക്ഷികോട്ട ഭാഗത്ത് എത്തിയ ജോണി വീണ്ടും കടുവയെ കണ്ടു. ഇവിടേക്ക് എത്തിയ വനപാലക സംഘവും കടുവയെ കണ്ടു. ശേഷം നാലായി തിരിഞ്ഞു പ്രദേശം വളഞ്ഞു. കടുവയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം നടത്തുന്നതിനിടെ വനപാലകർക്ക് നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. ഇതിൽ നിന്നും രക്ഷപെടുന്നതിനായി വനപാലകർക്ക് ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിയുതിർക്കേണ്ടി വന്നു. യക്ഷിക്കോട്ടവഴിയുള്ള നീർച്ചാലിലൂടെ താഴോട്ടു നീങ്ങിയ കടുവ മെയിൻ റോഡരികിൽ എത്തി വീണ്ടും മേലെ ഭാഗത്തെ കാട് പിടിച്ച സ്ഥലത്തേക്ക് കടന്നു. രാത്രിയായതോടെ പിന്നീട് കടുവയെ കണ്ടെത്താൻ നടത്തിയ തെരച്ചിൽ പരാജയമായി.
കൊട്ടിയൂരിലും കടുവ
അതിനിടെ കൊട്ടിയൂരിൽ കടുവയെ കണ്ടതായി വാഹനയാത്രക്കാരൻ. ഇന്നലെ രാവിലെ 6.45 ഓടെയാണ് കൊട്ടിയൂർ വില്ലേജ് ഓഫീസിന് സമീപത്തുനിന്നും മലയോര ഹൈവേ മുറിച്ചു കടക്കുന്ന കടുവയെ കണ്ടത്. രാവിലെ സ്കൂട്ടറിൽ കൊട്ടിയൂരിലേക്ക് പോയ ചുങ്കക്കുന്ന് സ്വദേശി പുത്തൻപറമ്പിൽ രതീഷാണ് വില്ലേജ് ഓഫീസിന് സമീപത്തായി കടുവയെ കണ്ടത്. വണ്ടിയുടെ ശബ്ദം കേട്ടപാടെ മതിൽ ചാടിക്കടന്ന് പള്ളിയുടെ ഭാഗത്തുകൂടി കടന്നു പോയി എന്നാണ് രതീഷ് പറയുന്നത്.
കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പ്രദേശത്ത് തെരച്ചിൽ നടത്തി. വനപാലകരോടൊപ്പം കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോർജും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വൈകുന്നേരം കൊട്ടിയൂർ നീണ്ടുനോക്കി മടിക്കാങ്കൽ കവല കുഴക്കൽ ജംഗ്ഷനിലും കടുവയെ കണ്ടതായി പറയുന്നു. മമ്പള്ളിൽ റോസമ്മ എന്ന വീട്ടമ്മയാണ് കടുവ നടന്നു പോകുന്നത് കണ്ടതായി പറഞ്ഞത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാല്പാടുകൾ കടുവയുടേതല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും ജനങ്ങളുടെ ആശങ്കയകറ്റുന്നതിനായി പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് രണ്ട് കാമറ സ്ഥാപിക്കുമെന്നും കാടുപിടിച്ചു കിടക്കുന്ന കൃഷിയിടങ്ങൾ ഉൾപ്പെടെ നാട്ടുകാരുടെ കൂടി സഹായത്തോടെ വ്യാഴാഴ്ച ശക്തമായ തെരച്ചിൽ തുടരുമെന്നും എസ്.എഫ്.ഒ സജീവ് കുമാർ പറഞ്ഞു.