പയ്യന്നൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഓട്ടോ തൊഴിലാളികളും ബസ് തൊഴിലാളികളും തമ്മിലുണ്ടാവുന്ന

സംഘർഷങ്ങൾ പരിഹരിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് രാമന്തളി, എട്ടിക്കുളം ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ ഓട്ടോറിക്ഷകൾ സമാന്തര സർവീസ് നടത്തുന്നതായാണ് ബസ് തൊഴിലാളികളുടെയും ഉടമകളുടെയും പരാതി.

എന്നാൽ സ്റ്റോപ്പിൽ നിന്ന് മാറി സ്റ്റേഷൻ പരിസരത്ത് നിർത്തി ബസുകൾ യാത്രക്കാരെ കയറ്റുന്നതായി ഓട്ടോ തൊഴിലാളികളും ആരോപിക്കുന്നു. ഈ തർക്കമാണ് സംഘർഷത്തിൽ എത്തുന്നത്. ബസ് തൊഴിലാളികളും ഓട്ടോ തൊഴിലാളികളും വാക്കു തർക്കത്തിലും കൈയ്യാങ്കളിയിലും ഏർപ്പെടുന്നത് പതിവായ സാഹചര്യത്തിൽ ബസ് ജീവനക്കാർക്ക് തൊഴിൽ ചെയ്യാൻ പറ്റാത്ത അവസ്ഥയാണെന്ന് പറഞ്ഞാണ് സമരം തുടങ്ങിയത്.

സംഘർഷത്തെ തുടർന്ന് കഴിഞ്ഞ മാസം ആറിന് റെയിൽവേ സ്റ്റേഷൻ വഴി എട്ടിക്കുളം, രാമന്തളി, കുന്നരു ഭാഗത്തേക്കുളള മുഴുവൻ സ്വകാര്യ ബസുകളും അനിശ്ചിത കാലത്തേക്ക് ഓട്ടം നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ സി.ഐ, ഓട്ടോ തൊഴിലാളി യൂനിയൻ നേതാക്കളും ബസ് ഉടമസ്ഥ സംഘം ഭാരവാഹികളുമായി പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ നടത്തിയ ചർച്ചയിൽ 15 ദിവസനത്തിനകം ട്രാഫിക് കമ്മിറ്റി യോഗം വിളിച്ച് ശ്വാശ്വതപരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പു നൽകിയതായി ബസുടമകൾ പറയുന്നു. എന്നാൽ ഇതുവരെയായി യാതൊരു വിധ പരിഹാര ശ്രമവും ഉണ്ടായില്ലെന്നും ഇതേ തുടർന്നാണ് ഇന്നലെ മുതൽ ഈ റൂട്ടിലെ മുഴുവൻ സ്വകാര്യ ബസുകളും അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കുവാൻ നിർബന്ധിതരായതെന്നും പയ്യന്നൂർ താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

യാത്രക്കാർ പെട്ടു!

ഒരു കെ.എസ്.ആർ.ടി.സി. ബസ് മാത്രമുള്ള ഈ റൂട്ടിൽ യാത്രക്കാർക്ക് ഏക ആശ്രയം സ്വകാര്യ ബസുകൾ മാത്രമാണ്. സ്വകാര്യ ബസുകൾ പണിമുടക്ക് തുടങ്ങിയതോടെ വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കമുള്ള ഈ ഭാഗങ്ങളിലെ ജനങ്ങൾ കടുത്ത യാത്ര ദുരിതമാണ് അനുഭവിക്കുന്നത്. വൻ യാത്രാക്കൂലി കൊടുത്ത് ഓട്ടോറിക്ഷയെയാണ് പലരും ആശ്രയിക്കുന്നത്. എട്ടികുളത്തും രാമന്തളിയിലും മറ്റുമുള്ള ജനങ്ങൾ അവശ്യ സാധനങ്ങൾക്കും മറ്റും സ്ഥിരമായി പയ്യന്നൂർ ടൗണിനെയാണ് ആശ്രയിക്കാറുള്ളത്. ഇപ്പോൾ പ്രത്യേകിച്ച് നോമ്പ് കാലം കൂടി ആയതിനാൽ യാത്രാ സൗകര്യമില്ലാതെ ജനങ്ങൾ കടുത്ത യാത്രാ ദുരിതമാണ് അനുഭവിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാരും യാത്രാ ദുരിതത്തിന്റെ ഇരകളാണ്.