
ഇരിട്ടി: ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ ബോർഡുകളും പോസ്റ്ററുകളും കൊടി തോരണങ്ങളും ഉൾപ്പെടെയുള്ള എല്ലാ പ്രചാരണ സാമഗ്രികളും നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ നീക്കിത്തുടങ്ങി. ഇരിട്ടി ടൗണിലേയും പരിസര പ്രദേശങ്ങളിലെയും ഇലക്ട്രിക് പോസ്റ്റുകളിലും ബസ്റ്റോപ്പുകളിലും സർക്കാർ സ്ഥാപനങ്ങളിലും മതിലുകളിലും ഉൾപ്പെടെ വിവിധ ഇടങ്ങളിൽ ഉള്ള പോസ്റ്ററുകൾ ഉൾപ്പെടെയാണ് നീക്കിയത്. കൂടാതെ പരാതി ലഭിക്കുന്ന പക്ഷം സ്വകാര്യ വ്യക്തികളുടെ മതിലുകളിലും പറമ്പുകളിലും കെട്ടിടങ്ങളിലും മറ്റും സ്ഥാപിച്ച ഇത്ര പ്രചരണ സാമഗ്രികളും ഇവർ നീക്കും. നീക്കം ചെയ്യപ്പെടുന്ന എല്ലാ വസ്തുക്കളുടെയും ഫോട്ടോ, വീഡിയോ ചിത്രീകരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. പേരാവൂർ നിയോജകമണ്ഡലത്തിൽ ഇതിനായി രണ്ട് പ്രത്യേക സ്‌ക്വാഡുകളെയാണ് നിയോഗിച്ചിരിക്കുന്നത്.