kalappyenthiya

കണ്ണൂർ: മറ്റൊരു തിരക്കേറിയ തിരഞ്ഞെടുപ്പ് കാലത്തിന്റെ മായാത്ത അടയാളമുണ്ട് താഴെ ചൊവ്വ റെയിൽവേ ഗേറ്റ് കടന്നുള്ള റോഡിൽ സ്പിന്നിംഗ് മില്ലിന്റെ മതിൽക്കെട്ടിൽ.ഫ്ളക്സും ബാനറുമൊക്കെ സ്വപ്നത്തിൽ പോലും കടന്നുവരാത്ത 42 വർഷം മുൻപത്തെ നീലം കൊണ്ടുള്ള ചുവരെഴുത്താണിത്.

'എം പവിത്രന് കലപ്പയേന്തിയ കർഷകൻ അടയാളത്തിൽ വോട്ട് ചെയ്യുക' എന്നാണ് ചുമരിലെ വാചകം. കലപ്പയേന്തിയ കർഷകന്റെ ചിഹ്നവും മായാതെ അതേപടിയുണ്ട് ഇവിടെ. 1982ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ജനത പാർട്ടി സ്ഥാനാർത്ഥിയായിരുന്നു എം.പവിത്രൻ. സ്വതന്ത്രനായി മത്സരിച്ച പി.ഭാസ്‌കരനാണ് അന്ന് ജയിച്ചത്. 1977 മുതൽ 1987 വരെ കണ്ണൂർ എം.എൽ.എ ആയിരുന്നു പി.ഭാസ്‌കരൻ.ഭാസ്‌കരന് ശേഷമാണ് കണ്ണൂർ മണ്ഡലം എൻ.രാമകൃഷ്ണനിലൂടെ കോൺഗ്രസ് പക്ഷത്തേക്ക് ചായുന്നത്. എൻ.കെ.കുമാരനും ഇ.അഹമ്മദും ആണ് ഭാസ്‌കരന് മുൻപ് കണ്ണൂരിനെ പ്രതിനിധീകരിച്ചത്. ഭാസ്‌കരന് ശേഷം എൻ.രാമകൃഷ്ണനെ കൂടാതെ നിലവിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.സുധാകരനും എ.പി.അബ്ദുള്ളക്കുട്ടിയും കടന്നപ്പള്ളി രാമചന്ദ്രനും മണ്ഡലത്തെ പ്രതിനിധാനം ചെയ്തു.ആ കാലത്തെ തിരഞ്ഞെടുപ്പ് അനുഭവം ഓർമയിലുള്ള പലരും മൺമറഞ്ഞു. പക്ഷെ ചിഹ്നവും പേരും ചരിത്രവും ഇവിടെ ബാക്കിയാണ്.