പിലാത്തറ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുതാഴം ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 300 മില്ലി ലിറ്ററിന്റെ 3660 നിരോധിത കുടിവെള്ളക്കുപ്പികൾ പിടിച്ചെടുത്തു. കുപ്പികൾ സൂക്ഷിച്ച കാപ്പുങ്കലിലെ കേദാരം എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന് 10000രൂപ സ്ക്വാഡ് പിഴ ചുമത്തി. 30 എണ്ണം വീതമുള്ള 122 കെയ്‌സുകളിലായിട്ടാണ് നിരോധിത 300 മില്ലിലിറ്റർ കുടിവെള്ള കുപ്പികൾ സ്ഥാപനത്തിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്.
കക്കൂസ് മാലിന്യം ഒഴുക്കി പൊതുസ്ഥലം മലിനപ്പെടുത്തിയതിന് നാഷണൽ ഹൈവേയുടെ പ്രവൃത്തി നടത്തുന്ന മേഘ കൺസ്ട്രക്ഷൻസ് ജീവനക്കാർ താമസിക്കുന്ന ഡോ. ഗുലാം അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള പിലാത്തറയിലെ ക്വാർട്ടേഴ്‌സിനും സ്ക്വാഡ് 25000 രൂപ പിഴ ചുമത്തി. തുടർ നടപടികൾക്കായി പഞ്ചായത്തിന് നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ പി.പി.അഷ്‌റഫ്, സ്‌ക്വാഡ് അംഗം നിതിൻ വത്സലൻ, ചെറുതാഴം ഗ്രാമ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സുരേഷ്ബാബു എന്നിവർ പങ്കെടുത്തു .