ksd-nllikkad-padashekhara

കാസർകോട്: പതിമൂന്നു റീച്ചുകളാക്കി 6500 കോടി ചിലവിൽ നിർമ്മിക്കുന്ന കോവളം-ബേക്കൽ ജലപാതയിൽ പ്രതിസന്ധി ഉരുണ്ടുകൂടുന്നു. 620 കിലോമീറ്റർ പാതയിൽ കോട്ടപ്പുറത്ത് നിന്നുള്ള ആറര കിലോമീറ്ററിൽ കൃത്രിമ കനാൽ നിർമ്മിക്കുന്നതിനെതിരെ കടുത്ത എതിർപ്പാണ് ഉയരുന്നത്. കനാൽ കോട്ടപ്പുറത്ത് അവസാനിപ്പിക്കണമെന്നും അതല്ലെങ്കിൽ തീരദേശത്ത് സ്വാഭാവിക കനാൽ ഉപയോഗിച്ച് ബേക്കലിലെത്തിക്കണമെന്നുമാണ് ഈ വാദം ഉന്നയിക്കുന്നവരുടെ ആവശ്യം.

കണ്ണൂർ മാഹിക്കും വളപട്ടണത്തിനും ഇടയിലുള്ള 26 കിലോമീറ്റർ കനാൽ നിർമ്മിക്കുന്നതിനും കാസർകോട് ജില്ലയിൽ കൃത്രിമ കനാൽ നിർമ്മിക്കുന്നതിനും സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടുപോയെങ്കിലും കാഞ്ഞങ്ങാട് നഗരസഭ, അജാനൂർ ഗ്രാമ പഞ്ചായത്ത് പരിധികളിലായി ആറര കിലോമീറ്റർ നീളത്തിൽ കൃത്രിമ കനാലാണുള്ളത്. പഠനം നടത്താതെ കനാൽ നിർമ്മിക്കാൻ ശ്രമിച്ചാൽ ബല്ല വില്ലേജിലെ സ്ഥലം ഏറ്റെടുക്കൽ നടപടി തടയുമെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

കൃത്രിമ ജലപാതക്ക് വേണ്ടി പാടശേഖരങ്ങളെ ഇല്ലാതാക്കുമെന്നും ഇതുവഴി പ്രദേശത്തെ കുടിവെള്ളം മുട്ടുമെന്നുമാണ് മേഖലയിലെ ജനം പറയുന്നത്. കൃത്രിമ ജലപാത പണിയാൻ ഉദ്ദേശിക്കുന്ന പാടശേഖരങ്ങളുടെ ഇരുകരകളിലുമായി ആയിരത്തോളം കുടുംബങ്ങളുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ജലപാത നിർമ്മിക്കുന്നത് കേന്ദ്രസർക്കാർ തന്നെ തള്ളിയതാണെന്നും ഇവർ ആരോപിക്കുന്നു.

ചിലവ് 20 കോടി
ചിത്താരിപ്പുഴയിൽ നാവിഗേഷൻ ലോക്ക്

ബേക്കൽ ജലപാത പൂർണ്ണമാക്കാൻ ചിത്താരിയിൽ 20 കോടിയുടെ നാവിഗേഷൻ ലോക്ക് സ്ഥാപിക്കുന്ന പണി തകൃതിയായി നടക്കുന്നുണ്ട്. തണ്ണീർമുക്കം ബണ്ടിൽ നാവിഗേഷൻ ലോക്ക് പണിതിട്ട് 40 വർഷം കഴിഞ്ഞിട്ടും ഒരു യാത്രാബോട്ടും അതുവഴി പോയില്ലെന്ന് പറയുന്നു.


മഞ്ഞക്കുറ്റികൾ വില്ലേജ് ഓഫീസിൽ

2023 ജനുവരിയിലാണ് കൃത്രിമ ജലപാതക്കായി ബല്ല വില്ലേജിലെ സ്ഥലം ഏറ്റെടുക്കുമെന്ന് കാണിച്ച് ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. എതിർപ്പ് മൂലം സർവ്വെ പോലും ഇതുവരെ നടന്നിട്ടില്ല.