
കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വിമാനത്താവളങ്ങളിലും തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു ശേഷവും നിർബാധം പ്രദർശിപ്പിക്കുമ്പോൾ എം.പി ഫണ്ട് പദ്ധതികളിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്യുന്നതും മറയ്ക്കുന്നതും അല്പത്തരമാണെന്ന് കെ.പി.സി.സി പ്രസിഡന്റും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.സുധാകരൻ . ഞാനും പിന്നെ ഞാനും എന്റെ മുഖവും എന്നതാണ് മോദിയുടെ ലൈൻ. അത് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ചെയ്യുന്നത്.
ഇലക്ഷൻ കമ്മിഷന്റെ നിർദ്ദേശ പ്രകാരം ഇലക്ഷൻ സ്‌ക്വാഡാണ് എം.പിമാരുടെ ചിത്രങ്ങൾ നീക്കം ചെയ്യുന്നത്. എന്നാൽ മോദിയുടെ ചിത്രം മാറ്റാൻ അവർ ഭയക്കുകയാണ്. അവ മാറ്റണമെന്നു നിർദ്ദേശിക്കാനുള്ള ധൈര്യം ഇലക്ഷൻ കമ്മീഷനുമില്ല. മാറ്റാൻ വരുന്ന ഉദ്യോഗസ്ഥർ സെൽഫി പോയിന്റിലെത്തി ഫോട്ടോയെടുക്കുന്ന വിചിത്രമായ കാഴ്ചയാണ് രാജ്യമെമ്പാടും കാണുന്നതെന്നും സുധാകരൻ പറഞ്ഞു.