rajmohan

പിലാത്തറ: കനത്ത വേനൽചൂടിലും പ്രചാരണത്തിരക്കിലാണ് കാസർകോട് പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. രണ്ടാം ഘട്ട പ്രചരണത്തിനിടെ കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ കോളേജുകളിലായിരുന്നു ഇന്നലെ സ്ഥാനാർത്ഥി.

രാജ്യം കടന്നു പോകുന്ന പ്രത്യേകമായ രാഷ്ട്രീയ സാഹചര്യത്തെ കന്നി വോട്ടർമാർക്ക് മുന്നിൽ തന്റെ സവിശേഷമായ വാഗ്ധോരണിയിലൂടെ സമർത്ഥിക്കുന്നുണ്ട് അദ്ദേഹം. വിദ്യാർത്ഥികളുടെ തിരഞ്ഞെടുപ്പിലെ പങ്കാളിത്തമാണ് രാജ്യത്തിന്റെ ഭാവിയും ഗതിയും നിർണയിക്കുന്നതെന്നായിരുന്നു പ്രധാനമായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. കല്യാശ്ശേരി മണ്ഡലത്തിലെ പിലാത്തറ സെന്റ് ജോസഫ് കോളേജ്, വിളയാങ്കോട് വിറാസ് കോളേജ്, എം.ജി.എം കോളേജ് ഓഫ് ടെക്നിക്കൽ ക്യാമ്പസ്, പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്, കൈതപ്രം എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചത്. പിലാത്തറ ബദർ ജുമാ മസ്ജിദിലും മാടായി ജുമാ മസ്ജിദിലും ജുമാ നിസ്‌കാരത്തിനെത്തിയ ഉണ്ണിത്താൻ വിശ്വാസികളുടെ പിന്തുണയും തേടി. ആലക്കാട് വലിയ പള്ളിയിലെ ഇഫ്ത്താർ സംഗമത്തിൽ സംബന്ധിച്ചു. പറവൂരിലെ പര്യടനത്തിന് ശേഷം പാണപ്പുഴയിലായിരുന്നു ഇന്നലത്തെ പ്രചാരണസമാപനം.