kurisumala

പയ്യന്നൂർ: നാൽപതാം വെള്ളിയാചരണത്തിന്റെ ഭാഗമായി നടത്തുന്ന ഏഴിമലയിൽ കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതലയുടെ നേതൃത്വത്തിൽ കുരിശുമല കയറ്റം നടന്നു. മലയടിവാരമായ കുരിശുമുക്കിലെ കപ്പേളയിൽ നിന്ന് മലമുകളിലെ ദേവാലയത്തിലേക്കാണ് കുരിശിന്റെ വഴി നടത്തിയത്. കണ്ണൂർ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും സന്യസ്തരും സംഘടനാ പ്രവർത്തകരും വിശ്വാസികളുമുൾപ്പെടുന്ന നൂറുകണക്കിനാളുകൾ പങ്കെടുത്തു. പാതയോരത്തെ പതിനാല് കുരിശുകൾക്കും മുന്നിലൂടെ യേശുവിന്റെ പീഡാസഹനം സ്മരിച്ചുകൊണ്ടുള്ള പ്രാർത്ഥനകളും ഗാനങ്ങളുമായുള്ള യാത്ര മലമുകളിലെ ലൂർദ്മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ സമാപിച്ചു. രൂപതാ മെത്രാൻ സമാപനാശിർവ്വാദം നൽകി. സഹനങ്ങൾ പറുദീസയുടെ സൗഭാഗ്യമാക്കി മാറ്റണമെന്നും കുരിശുകളെ കൃപകളാക്കി മാറ്റണമെന്നും ചിന്തിക്കേണ്ടതുണ്ടെന്നും സമാപന സന്ദേശത്തിൽ ബിഷപ്പ് ഉത്ബോധിപ്പിച്ചു.