
കാഞ്ഞങ്ങാട്: ട്രാഫിക് കുരുക്ക് ഒഴിവാക്കാനും നഗരത്തിന്റെ മുഖച്ഛായ മാറ്റാനും കാഞ്ഞങ്ങാട് നഗരത്തിൽ ആസൂത്രണം ചെയ്ത ഫ്ലൈ ഓവർ പദ്ധതിയുടെ വഴിമുടക്കിയായി കിഫ്ബിയുടെ ട്രാഫിക്ക് സർവ്വെ റിപ്പോർട്ട്. രണ്ടുതവണ എസ്റ്റിമേറ്റിൽ മാറ്റം വരുത്തി രൂപരേഖ മാറ്റിയ പദ്ധതി പുതിയ സർവേയിലെ റിപ്പോർട്ടോടെ കിഫ്ബി ഓഫീസിൽ കെട്ടിക്കിടക്കുകയാണ്.
ദേശീയപാത വികസനം മുൻനിർത്തി കിഫ്ബി നടത്തിയ മൂന്നാമത്തെ ട്രാഫിക് സർവ്വെയിൽ ടൗൺ വഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവ് കണ്ടെത്തിയതാണ് പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്. ഒരു മണിക്കൂറിൽ ഫ്ലൈ ഓവറിന് കീഴിലൂടെ കടന്നുപോകേണ്ട വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി കാഞ്ഞങ്ങാട് നഗരത്തിൽ ഇല്ലെന്നാണ് ഈ സർവ്വേയിൽ രേഖപ്പെടുത്തിയത്. ദേശീയപാത പുനർനിർമ്മാണം പൂർത്തിയാകുന്നതോടെ കാഞ്ഞങ്ങാട് ടൗണിൽ വാഹനങ്ങളുടെ എണ്ണം വളരെ കുറയുമെന്ന നിഗമനം കൂടിയായപ്പോൾ ഫ്ളൈ ഓവറിന് വൻതിരിച്ചടിയായി.
ഫ്ളൈ ഓവറിൽ മാറിപ്പോയ നിർദ്ദേശങ്ങൾ
1.2 കി.മി നീളവും ഒമ്പത് മീറ്റർ വീതിയിലുമായി ഡബിൾ ലൈൻ പാതയും താഴെ സർവ്വീസ് റോഡും
1കാഞ്ഞങ്ങാട് അലാമിപ്പള്ളി മുതൽ ഇഖ്ബാൽ റോഡ് ജംഗ്‌ഷൻ വരെ
2സ്‌മൃതിമണ്ഡപം മുതൽ സിറ്റി ഹോസ്പിറ്റൽ വരെ
തുടക്കത്തിൽ തന്നെ ഉടക്ക്
ഫ്ലൈ ഓവറിന് പദ്ധതി തയ്യാറാക്കിയത് 2017 ജൂൺ 27നാണ് . കിഫ്‌ബിയുടെ സഹായത്തോടെ 2021 ജൂലായിൽ പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കി. കാഞ്ഞങ്ങാട് എം.എൽ.എ ആയിരുന്ന ഇ.ചന്ദ്രശേഖരൻ മന്ത്രിസഭയിലെ നിർണായക സ്ഥാനത്തായിരുന്നു അന്ന്. തുടക്കത്തിൽ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ എതിർപ്പുകളാണ് അന്ന് നടക്കുമായിരുന്ന പദ്ധതിയെ പിറകോട്ടടിപ്പിച്ചത്. സർക്കാരിന് ഇന്നത്തെ പോലെ സാമ്പത്തിക പ്രതിസന്ധിയും അന്ന് ഉണ്ടായിരുന്നില്ല. ഫ്ലൈ ഓവർ നിർമ്മിക്കുന്നതിന് റോഡ്‌സ് ആൻറ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ തയ്യാറാക്കിയ പദ്ധതി പ്രകാരം 400 കോടിയാണ് അന്ന് നിർമ്മാണചിലവ് കണക്കാക്കിയത്. ഇന്നിത് എഴുന്നൂറു കോടിയോളം വേണ്ടിവരും. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ പദ്ധതിയ്ക്ക് മുകളിൽ കരിനിഴൽ വീണുകിടക്കുകയാണ്.